ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ അമര്‍നാഥ് ക്ഷേത്രത്തിന് സമീപത്ത് മേഘവിസ്‌ഫോടനത്തില്‍ 15 പേർ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതോളം പേരെ കാണാനില്ല. ഇന്ന് (08.07.22) വൈകുന്നേരത്തോടെയാണ് തീര്‍ഥാടനം നടക്കുന്ന അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം നടന്നത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
എന്‍ഡിആര്‍ഫ്, എസ്‌ഡിആര്‍എഫ്, ബിഎസ്എഫ്, ലോക്കൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ വ്യോമസേന തയ്യാറാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ സംഭവത്തെ തുടർന്ന് ഈ വർഷത്തെ അമർനാഥ് യാത്ര താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
അമര്‍നാഥില്‍ മേഘവിസ്‌ഫോടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അമര്‍നാഥ് ഗുഹയ്‌ക്ക് സമീപത്ത് വിന്യസിച്ചിരുന്ന എന്‍ഡിആര്‍ഫ് സംഘം അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ദുരന്തനിവാരണസേന ഡിജി അതുല്‍ കര്‍വാള്‍ പറഞ്ഞു. ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ സ്ഥലത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്, മഴ ഇപ്പോഴും തുടരുകയാണ്. അപകടാവസ്ഥ കണക്കിലെടുത്ത്, പ്രദേശം വെള്ളത്തിനടിയിലായതിനാൽ അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. കാലാവസ്ഥ സാധാരണ നിലയിലാകുകയും താൽക്കാലിക ക്രമീകരണങ്ങൾ നടത്തുകയും ചെയ്‌താൽ നാളെ തീര്‍ഥയാത്ര പുനരാരംഭിക്കാം എന്ന് ഐടിബിപി പി ആര്‍ ഒ വിവേക് കുമാര്‍ പാണ്ഡെ അറിയിച്ചു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഈ ആഴ്‌ച ആദ്യം അമര്‍നാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്രാവശ്യം അമര്‍നാഥ് യാത്ര നടത്തുന്നത്. ഏകദേശം ഒരുലക്ഷത്തോളം തീര്‍ഥാടകര്‍ ഇപ്രാവശ്യം ഇതുവരെ ഗുഹാക്ഷേത്രം സന്ദര്‍ശിച്ചതായാണ് പുറത്ത വരുന്നവിവരം. ജൂണ്‍ 30-ന് ആരംഭിച്ച് അമര്‍നാഥ് തീര്‍ഥയാത്ര ഓഗസ്റ്റ് 11 ന് അവസാനിക്കും
അമർനാഥ് ഹെല്‍പ് ലൈൻ നമ്പറുകൾ: NDRF: 011-23438252 011-23438253, Kashmir Divisional Helpline: 0194-2496240, അമർനാഥ് തീർഥാടന ഹെല്‍പ്‌ലൈൻ: 0194-2313149.