ഭോപ്പാൽ (മധ്യപ്രദേശ്) : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തി ലോകത്തെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ് അഞ്ചുവയസുകാരി പ്രിഷ ലോകേഷ് നികാജു. എവറസ്റ്റിലെ 5,364 മീറ്റർ അതായത് 17,598 അടിയിലെത്തിയ ഏറ്റവും പ്രായകുറഞ്ഞ പർവതാരോഹകയായി ഈ കൊച്ചുമിടുക്കി ചരിത്രം തിരുത്തി എഴുതി. മധ്യപ്രദേശിലെ ബേതുൾ സ്വദേശി പ്രിഷ ലക്ഷ്യത്തിലെത്താൻ എടുത്തത് ആകെ ഒമ്പത് ദിവസമാണ്.
മെയ് 24ന് നേപ്പാളിലെ ലുക്‌ലയിൽ നിന്ന് ആരംഭിച്ച യാത്ര.. 2023 ജൂൺ ഒന്നിന് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി പ്രിഷ ഇന്ത്യൻ പതാക ഉയർത്തി, ചരിത്ര നേട്ടം അടയാളപ്പെടുത്തി.. ഇതിന് മുമ്പ് ആറുവയസ്സുകാരിയുടെ പേരായിരുന്നു ഈ റെക്കോഡ് സ്വന്തമാക്കിയതെങ്കിൽ ഇന്ന് അത് പ്രിഷ നേടിയെടുത്തു. വിജയകിരീടവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കുറെയേറെ ഓർമകളുമായി അച്ഛനും മകളും ജൂൺ നാലിന് ലുക്‌ലയിലേക്ക് മടങ്ങി.
അഞ്ച് വയസിൽ ഇത്രയും സാഹസികതയോ! അതിശയപ്പെടാൻ വരട്ടെ.. ഇത് ഈ കൊച്ചുമിടുക്കിയുടെ ആദ്യ യാത്രയല്ല. മഹാരാഷ്‌ട്രയിലെ വലുതും ചെറുതുമായ നിരവധി കൊടുമുടികളും കോട്ടകളും പ്രിഷ കുഞ്ഞുപ്രായത്തിലേ നടന്നുകയറിയതാണ്. പിതാവ് ലോകേഷിനൊപ്പമാണ് പ്രിഷയുടെ ലോകം ചുറ്റൽ.
എവറസ്റ്റ് പോലെയുള്ള കൊടുമുടിയിൽ കയറുമ്പോൾ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരില്ലെ എന്ന ചോദ്യത്തിന് പിതാവ് ലോകേഷിന്‍റെ മറുപടി ഇങ്ങനെ.. ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള ട്രക്കിങ് ചെയ്യുന്നവർക്ക് ശ്വാസതടസ്സം, തലവേദന, തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. എന്നാൽ പ്രിഷയ്‌ക്ക് അത്തരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്നില്ല. അതിന് ഒരു കാരണമേയുള്ളു..പരിശീലനം.
ഈ യാത്രയ്ക്കായി ഇത്രയും കാലം അവളെ ഒരുക്കുകയായിരുന്നു. വേണ്ട മുൻകരുതലുകളും പരിശീലനവും പ്രിഷക്ക് നൽകിയിരുന്നു. പ്രിഷ ശക്തമായ ഇച്ഛാശക്തിയുള്ള പെൺകുട്ടിയാണ്. താനും പ്രിഷയുടെ അമ്മ സീമയും രണ്ട് വർഷമായി പ്രിഷയെ കഠിനമായ ഹൈ ആൾട്ടിറ്റ്യൂഡ് ട്രക്കിങിനായി പരിശീലിപ്പിക്കുകയായിരുന്നു എന്നും ലോകേഷ് പറഞ്ഞു.
ഈ ട്രക്കിങിന് പോകുന്നതിനുമുമ്പ്, അവൾ ദിവസവും അഞ്ച് മുതൽ ആറ് മൈൽ വരെ നടക്കുമായിരുന്നു. എയ്റോബിക്‌സ് ചെയ്യുമായിരുന്നു. തങ്ങൾ താമസിക്കുന്ന അപ്പാർട്ട്മെന്‍റിലെ പടികൾ കയറാൻ അവളെ കുഞ്ഞിലെ മുതലേ പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രിഷ ഉയരത്തെ ഭയപ്പെട്ടിട്ടില്ല. ഉയരം കയറേണ്ട സമയം വന്നപ്പോൾ കുട്ടി പരിഭ്രമിച്ചിട്ടുമില്ല, ലോകേഷ് കൂട്ടിച്ചേർത്തു.