ബെല്ലാരി:കര്‍ണാടകയിലെ ബെല്ലാരിയിലുളള വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്( VIMS) ആശുപത്രിയില്‍ അഞ്ച് രോഗികള്‍ വൈദ്യുതി ബന്ധം നിലച്ചത് കാരണം മരണപ്പെട്ടെന്ന് പരാതി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരണപ്പെട്ടത്.
ചെട്ടമ്മ(30), മൗലഹുസൈന്‍(38), ചന്ദ്രമ്മ(65), മനോജ്(18), നിഖില്‍(8) എന്നിവരാണ് മരണപ്പെട്ടത്. നിഖിലിന്‍റെ മാതാപിതാക്കളാണ് പരാതി ആദ്യം ഉന്നയിക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ച(14.09.2022) രാവിലെ പത്ത് മണിക്കാണ് നിഖില്‍ മരണപ്പെടുന്നത്. സെപ്‌റ്റംബര്‍ 11നാണ് ഇയാളെ VIMS ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഡെങ്കിപ്പനിക്ക് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു നിഖില്‍.
ഇയാള്‍ വെന്‍റിലേറ്ററിലായിരുന്നു. ബുധനാഴ്‌ച രാവിലെയാണ് അത്യാഹിത വിഭാഗത്തിലേക്കുള്ള വൈദ്യുതി നിലച്ചത്. ഇതേതുടര്‍ന്ന് വെന്‍റിലേറ്റര്‍ ഉള്‍പ്പടെ അത്യാഹിത വിഭാഗത്തിലെ എല്ലാ ഉപകരണങ്ങളുടേയും പ്രവര്‍ത്തനം നിലച്ചെന്ന് നിഖിലിന്‍റെ അമ്മ ഇരമ്മ പറഞ്ഞു. വൈദ്യുതി നിലച്ച് കുറഞ്ഞ സമയങ്ങള്‍ക്കകം തന്നെ തന്‍റെ മകന്‍ മരണപ്പെട്ടെന്നും ഇരമ്മ പറഞ്ഞു.
വെന്‍റിലേറ്ററിലുള്ള മറ്റ് നാല് പേരും വൈദ്യുതി നിലച്ചതിന് ശേഷം മരണപ്പെട്ടെന്ന വാര്‍ത്ത പിന്നീട് പുറത്തുവന്നു. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ആശുപത്രി സൂപ്രണ്ട്, അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവര്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. ബെല്ലാരി ജില്ല കലക്‌ടറില്‍ നിന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.