ന്യൂഡല്‍ഹി:സുപ്രീം കോടതി ജഡ്‌ജിമാരായി അഞ്ചുപേര്‍ കൂടി സത്യപ്രതിഞ്ജ ചെയ്‌തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലി കൊടുത്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ ഒഴിവ് രണ്ടായി കുറഞ്ഞു. സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്‌ജിമാരെ നിയമിക്കണമെന്ന കൊളീജിയത്തിന്‍റെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
ജസ്റ്റിസ് പങ്കജ് മിത്തൽ (രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് സഞ്ജയ് കരോൾ (പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് പി വി സഞ്ജയ് കുമാർ (മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് അഹ്സനുദീൻ അമാനുള്ള (ജഡ്‌ജി, പട്‌ന ഹൈക്കോടതി), ജസ്റ്റിസ് മനോജ് മിശ്ര (ജഡ്‌ജി, അലഹബാദ് ഹൈക്കോടതി) എന്നിവരാണ് സുപ്രീം കോടതിയില്‍ നിയമിയ്‌ക്കപ്പെട്ട പുതിയ ജഡ്‌ജിമാര്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള കൊളീജിയം ഡിസംബർ 13ന് പേരുകൾ ശിപാർശ ചെയ്‌തിരുന്നു. കൊളീജിയം ശിപാർശ ചെയ്യുന്ന ജുഡീഷ്യൽ നിയമനങ്ങളിൽ കാലതാമസം വരുത്തുന്നത് തുടരുകയാണെങ്കിൽ ജുഡീഷ്യൽ, അഡ്‌മിനിസ്ട്രേറ്റീവ് നടപടികൾ സ്വീകരിക്കുമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം ശിപാര്‍ശ അംഗീകരിച്ചത്.
'നിയമനങ്ങളില്‍ ഉണ്ടാകുന്ന കാലതാമസം അഡ്‌മിനിസ്‌ട്രേറ്റീവ്, ജുഡീഷ്യൽ നടപടികൾക്ക് കാരണമാകുമെന്നും അത്തരം നടപടിരള്‍ രസകരമായിരിക്കില്ലെന്നും നിയമം അറിയുന്ന അറ്റോർണി ജനറലിനെ അറിയിച്ചിട്ടുണ്ട്', കോടതി വെള്ളിയാഴ്‌ച വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യൽ നിയമനവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത്.
നേരത്തെ നിയമന ആവശ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ ശിപാര്‍ശയില്‍ ഉള്‍പ്പെടുത്തിയ ജഡ്‌ജിമാരെ കുറിച്ച് ചര്‍ച്ച നടത്തുകയും നിയമനത്തില്‍ അവരെ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്‌തതില്‍ സുപ്രീം കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. കൊളീജിയത്തിനെതിരായി പരാമർശങ്ങൾ നടത്തിയതിലും, ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയവരെ നിയമിക്കാതിരുന്നതിലും, നിയമനങ്ങൾ സംബന്ധിച്ച് നിഷ്‌കർഷിച്ച നിയമം പാലിക്കാതിരുന്നതിലും സുപ്രീം കോടതി കേന്ദ്രത്തെ അപലപിച്ചിരുന്നു.
പുതിയ ജഡ്‌ജിമാരുടെ നിയമനത്തോടെ സുപ്രീം കോടതിയുടെ പ്രവർത്തനശേഷി 32 ആയി ഉയര്‍ന്നു. പുതിയതായി നിയമിയ്‌ക്കപ്പെടുന്ന ജഡ്‌ജിമാര്‍ക്ക് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ആശംസകള്‍ നേര്‍ന്നു. 'ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ അനുസരിച്ച് രാഷ്‌ട്രപതി, സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിച്ച വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍, ജഡ്‌ജിമാര്‍ എന്നിവര്‍ക്ക് ആശംസകള്‍ നേരുന്നു', കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു.