ചെന്നൈ :കുട്ടിയെ ദത്തെടുക്കാനുള്ള അപേക്ഷ സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി നിരസിച്ചതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് രാജ്യത്തെ ആദ്യ ട്രാൻസ്‌വുമണ്‍ പൊലീസ് സബ് ഇൻസ്‌പെക്‌ടർ കെ പ്രിതിക യാഷിനി. കുഞ്ഞിനെ ദത്തെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രിതിക മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
2021ലാണ് പ്രിതിക യാഷിനി ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുകയും സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയെ സമീപിക്കുകയും ചെയ്‌തത്. 2021 നവംബർ 12-ന് അവർ അതോറിറ്റിക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചു. എന്നാൽ ട്രാൻസ്‌വുമണ്‍ ആയതിനാൽ നിയമപരമായി ഒരു കുട്ടിയെ ദത്തെടുക്കാൻ കഴിയില്ലെന്ന കാരണം പറഞ്ഞ് 2022 സെപ്‌റ്റംബർ 22ന് ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്നാണ് പ്രിതിക ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
'അനുമതി നിഷേധിക്കാനുള്ള അതോറിറ്റിയുടെ ഉത്തരവ് നിയമപരമോ ശരിയോ അല്ല. അത് ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ്. ഇത് നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് എതിരാണ്. ഒരു കുട്ടിയെ വളർത്തുന്നതിന് നല്ല ധാർമികതയും സംസ്‌കാരവും വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവുമാണ് ആവശ്യം. അല്ലാതെ മാതാപിതാക്കളുടെ ലൈംഗികത ദത്തെടുക്കൽ തീരുമാനിക്കുന്നതിനുള്ള ഒരു ഘടകമാകരുത്' - യാഷിനി പറഞ്ഞു.
അതേസമയം ഹർജി പരിഗണിച്ച കോടതി നിയമങ്ങൾ ട്രാൻസ് ജെൻഡേഴ്‌സിന് തുല്യാവകാശം ഉറപ്പുനൽകുമ്പോൾ യാഷിനിയുടെ അപേക്ഷ തള്ളിയത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞു. കൂടാതെ ജൂണ്‍ 30നകം ഇക്കാര്യത്തിൽ മറുപടി നൽകാൻ സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്‌തു.