ഹൈദരാബാദ്: ഇന്ത്യന്‍ ഭരണഘടന ശിൽപ്പി ബി.ആർ.അംബേദ്‌കറിന്‍റെ വലിയ പ്രതിമ, രാജകീയ പ്രതാപം പ്രദർശിപ്പിക്കുന്ന സെക്രട്ടേറിയറ്റ്, തെലങ്കാന രക്തസാക്ഷി സ്‌മാരക ജ്യോതി എന്നിവയെല്ലാം ഇതിനകം ഹൈദരാബാദിന്‍റെ പ്രത്യേക ആകര്‍ഷണമാണ്. ഇപ്പോൾ ആ പട്ടികയിലേക്ക് പുതിയ സ്‌റ്റീൽ പാലവും കടന്നുവരികയാണ്. വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്ത് നിർമിച്ച ഈ സ്‌റ്റീൽ പാലം ഉടൻ യാത്രക്കാർക്ക് തുറന്ന് നൽകും.
പാലം കൊണ്ടുവരുന്ന മാറ്റങ്ങൾ:ഹൈദരാബാദ് ലോവർ ടാങ്ക്ബണ്ടിലെ ഇന്ദിര പാർക്ക് സ്ക്വയറിൽ നിന്നും ആർടിസി ഭവന് സമീപമുള്ള വിഎസ്‌ടി കവലയിലേക്കാണ് സ്‌റ്റീൽ പാലം നിർമിച്ചത്. വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് മൂലം നഗരവാസികളും വാഹനയാത്രക്കാരും എറെ ദുരിതത്തിലാണ്. ഈ പശ്ചാത്തലത്തിൽ വിദ്യാനഗർ, ഒസ്‌മാനിയ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ടാങ്ക്ബണ്ടിനും സെക്രട്ടേറിയറ്റിനും ഇടയിൽ യാത്ര ചെയ്യുന്നവരുടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും.
വിഎസ്‌ടി, ആർടിസി, ക്രോസ്‌റോഡ്, അശോക്‌നഗർ, ഇന്ദിര പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് നിർത്താതെ എളുപ്പത്തിൽ സഞ്ചരിക്കാം. ഇന്ദിര പാർക്കിനും വിഎസ്‌ടി ജങ്‌ഷനുകൾക്കുമിടയിൽ ഓരോ ദിവസവും ഒരു ലക്ഷം വാഹനങ്ങൾ കടന്നുപോകാറുണ്ടെന്നാണ് കണക്കാക്കുന്നത്. നാല് കവലകള്‍ മുറിച്ചുകടക്കാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പുതിയ പാലം വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവും. വിഎസ്‌ടിയിൽ നിന്ന് പുറപ്പെടുന്ന ഒരു വാഹനം നാല് മിനിറ്റിനുള്ളിൽ ടാങ്ക്ബണ്ടിൽ എത്തും.
പാലത്തിന്‍റെ നിർമാണത്തെക്കുറിച്ച്:ഹൈദരാബാദ് മെട്രോപൊളിറ്റന്‍ കോർപ്പറേഷന്‍റെ (ജിഎച്ച്എംസി) 30,000 കോടി രൂപയുടെ പദ്ധതിയായ സ്ട്രാറ്റജിക് റോഡ്‌സ് ഡെവലപ്‌മെന്‍റ് പ്രോഗ്രാമിന്‍റെ(എസ്എസ്ആർഡിപി) ഭാഗമായാണ് പാലം നിർമിച്ചിരിക്കുന്നത്. ഏകദേശം 450 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം. എസ്എസ്ആർഡിപി പദ്ധതിയുടെ ഭാഗമായി ഫ്‌ളൈ ഓവറുകൾ, അടിപ്പാതകൾ, ആർയുബികൾ, ആർഒബികൾ എന്നിങ്ങനെ 32 ഘടനകൾ നഗരത്തിൽ ഇതുവരെ പൂർത്തിയായി. റോഡിൽ നിന്ന് 26.54 മീറ്റർ ഉയരത്തിലായാണ് സ്‌റ്റീൽ പാലം നിർമിച്ചിരിക്കുന്നത്. മുപ്പത്തിമൂന്നാം പദ്ധതിയായിട്ടാണ് പാലത്തിന്‍റെ നിർമാണം നടത്തിയത്.