ജോധ്‌പൂർ (രാജസ്ഥാൻ) :ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ യുദ്ധയോഗ്യമായ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (എൽസിഎച്ച്) വ്യോമസേനയ്ക്ക് കൈമാറി. ജോധ്‌പൂരിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെയും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയുടെയും സാന്നിധ്യത്തിലാണ് ഹെലികോപ്‌റ്ററുകള്‍ വ്യോമസേനയ്ക്ക് സമ്മാനിച്ചത്.
ഇവയുടെ പ്രവർത്തനം വ്യോമസേനയുടെ പോരാട്ട വീര്യത്തിന് വലിയ ഉത്തേജനം നൽകുമെന്ന് പ്രതിരോധ മന്ത്രി നേരത്തേ ട്വിറ്ററിൽ കുറിച്ചിരുന്നു. വ്യോമാക്രമണ ശേഷിയുള്ളതും വേഗത കുറഞ്ഞ വിമാനങ്ങളെയും ഡ്രോണുകളെയും നേരിടാൻ പ്രാപ്‌തമായതുമാണ് പുതിയ ഹെലികോപ്റ്റര്‍.
15 ലിമിറ്റഡ് സീരീസ് പ്രൊഡക്ഷൻ ഹെലികോപ്‌റ്ററുകളില്‍ 10 എണ്ണം വ്യോമസേനയ്ക്കും അഞ്ചെണ്ണം സൈന്യത്തിനുമാണ്. ആയുധങ്ങളും ഇന്ധനങ്ങളുമായി 5000 മീറ്റർ ഉയരത്തിൽ നിന്ന് ലാൻഡ് ചെയ്യാനും പറന്നുയരാനും ഹെലികോപ്റ്ററിന് കഴിയും.
ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്ക് കൈമാറി പ്രതിരോധ മന്ത്രി സായുധ സേനയ്ക്കായി ലഡാക്കിലും മരുഭൂമി മേഖലയിലും ഇവയെ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷങ്ങൾക്കിടെ ചിനൂക്‌സ്, അപ്പാച്ചെ യുദ്ധ ഹെലികോപ്‌റ്ററുകള്‍, എൽസിഎച്ച് എന്നിവയുൾപ്പടെ വ്യോമസേന പുതുതായി വാങ്ങിയിട്ടുണ്ട്. വടക്ക്, കിഴക്ക് അതിർത്തികളിലേക്ക് വിതരണ ദൗത്യങ്ങൾ നിർവഹിക്കുന്ന ചിനൂക്ക് ഹെലികോപ്റ്ററുകളില്‍ വനിത പൈലറ്റുമാരെയും വ്യോമസേന വിന്യസിക്കാറുണ്ട്.
2022 മാർച്ച് 30ന് നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് 3887 കോടി രൂപ ചെലവിൽ 15 എൽസിഎച്ചുകൾ വാങ്ങുന്നതിന് അംഗീകാരം നൽകിയത്. കൂടാതെ 377 കോടി രൂപയുടെ അടിസ്ഥാന സൗകര്യാനുമതികൾക്കും അംഗീകാരം നൽകിയിരുന്നു.
സേനയ്ക്കായി തദ്ദേശീയ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് രാജ്‌നാഥ് സിങ്. വ്യോമസേനയ്ക്കും സൈന്യത്തിനുമായി ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വാങ്ങാൻ അനുമതി നൽകിയ സുരക്ഷാ കാബിനറ്റ് കമ്മിറ്റിയിലും അദ്ദേഹമുണ്ടായിരുന്നു.