പടക്ക നിർമാണ ശാലയിൽ തീപിടിത്തം; ആറ് മരണം, 14 പേർക്ക് പരിക്കേറ്റു
19:31 February 25
ശിവകാശിക്കടുത്തുള്ള കലയ്യാർ കുറിച്ചിയിലെ പടക്ക നിർമാണ യൂണിറ്റിലാണ് അപകടം ഉണ്ടായത്
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ തീപിടിത്തം. ശിവകാശിക്കടുത്തുള്ള കലയ്യാർ കുറിച്ചിയിലെ പടക്ക നിർമാണ യൂണിറ്റിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടക്കം നിർമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകട സമയം ഫാക്ടറിയിൽ 200 പേരാണ് ഉണ്ടായിരുന്നത്.
സ്ഫോടനത്തിൽ പ്രദേശത്തെ 13 ലധികം കെട്ടിടങ്ങളാണ് തകർന്നത്. അപകടത്തെത്തുടർന്ന് തിരുതങ്കൽ, ശിവകാശി, വിരുദ് നഗർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി. ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ പുതുപ്പട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.