ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളെ നിയമവിരുദ്ധമായി ദത്ത് നല്‍കുന്നുവെന്ന റിപ്പോര്‍ട്ടില്‍ നടപടിയുമായി ജമ്മു കശ്‌മീര്‍ അഡ്‌മിനിസ്‌ട്രേഷന്‍. കുറ്റക്കാര്‍ക്കെതിരെ പാംപോര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. കശ്‌മീരില്‍ കൊവിഡിനെ തുടര്‍ന്ന് അനാഥരായ കുട്ടികളെ അനധികൃതമായി ദത്ത് നല്‍കുകയും വിൽക്കുകയുമാണെന്ന ഓണ്‍ലൈന്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
കശ്‌മീരില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ നടത്തുന്ന രണ്ടു പേര്‍ക്കെതിരെയാണ് ആരോപണം ഉയർന്നത്. ഗ്രോബല്‍ വെല്‍ഫയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന നടത്തുന്ന അസ്‌റാര്‍ അമിന്‍ എന്നയാള്‍ 75,000 രൂപക്ക് കുട്ടികളെ ദത്ത് നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തുവെന്നും പാംപോര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സന്നദ്ധ സംഘടന 10 ലക്ഷം രൂപ നല്‍കുകയാണെങ്കില്‍ നവജാത ശിശുക്കളെ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചുവെന്നും ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.