ഭോപ്പാൽ : മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപണം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കമൽനാഥ്, അരുൺ യാദവ് എന്നിവരുടെ എക്‌സ് (മുൻപ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) ഹാൻഡിലുകൾക്കെതിരെ കേസ്. അഴമതി ആരോപണം വിവാദമായതോടെ സോഷ്യൽ മീഡിയ പോസ്‌റ്റിൽ ഇൻഡോർ പൊലീസാണ് ശനിയാഴ്‌ച കേസെടുത്തത്. ബിജെപി നിയമ സെല്ലിന്‍റെ ഇൻഡോർ യൂണിറ്റ് കൺവീനർ നിമേഷ് പഥക്കിന്‍റെ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ഐപിസി സെക്ഷൻ 420 (വഞ്ചന), 469 (പ്രശസ്‌തിക്ക് കോട്ടം വരുത്തുക എന്ന ഉദ്ദേശത്തോടെയുള്ള വ്യാജരേഖ ചമയ്ക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സംസ്ഥാന സർക്കാരിനെതിരെ വ്യാജ അഴിമതി ആരോപണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്‌റ്റുകൾ സമൂഹ മാധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാക്കൾ പങ്കുവച്ചതായും അതിലൂടെ സംസ്ഥാനത്തിന്‍റെയും പാർട്ടിയുടെയും പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായും പഥക് പരാതിയിൽ ആരോപിച്ചു.
കമ്മിഷൻ കണക്ക് നിരത്തി അഴിമതി ആരോപണം : സംഭവത്തിൽ പ്രിയങ്ക ഗാന്ധി, കമൽനാഥ്, അരുൺ യാദവ് എന്നിവർക്കെതിരെ സന്യോഗിതഗഞ്ച് പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. കൂടാതെ, ബന്ധപ്പെട്ട എക്‌സ് ഹാൻഡിലുകളുടെ ആധികാരികതയും പൊലീസ് പരിശോധിച്ചുവരികയാണ്. കരാർ യൂണിയനുകൾക്ക് അവരുടെ പണം ലഭിക്കണമെങ്കിൽ 50 ശതമാനം കമ്മിഷൻ നൽകണമെന്ന് മധ്യപ്രദേശിൽ നിന്നുള്ള ഒരു യൂണിയൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതായാണ് പ്രിയങ്കയുടെ എക്‌സിൽ പോസ്‌റ്റ് ചെയ്‌തിരുന്നത്.