ജയ്‌പൂർ : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരായ 'രാവണ്‍' പരാമർശത്തിൽ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് രാജസ്ഥാൻ പൊലീസ്. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ സുരേന്ദ്ര സിങ് ജാദവത്ത് നൽകിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വ്യാഴാഴ്‌ച ചിറ്റോർഗഡിൽ നടന്ന ബിജെപിയുടെ 'ജൻ ആക്രോശ്' റാലിയിൽ പങ്കെടുക്കവെയാണ് ഗജേന്ദ്ര സിങ് വിവാദ പരാമർശം നടത്തിയത്.
ഗെലോട്ടിനെതിരായ 'രാവണ്‍' പരാമർശം ; കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെ കേസ്
വ്യാഴാഴ്‌ച ചിറ്റോർഗഡിൽ നടന്ന ബിജെപിയുടെ 'ജൻ ആക്രോശ്' റാലിക്കിടെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ഗജേന്ദ്ര സിങ് ഷെഖാവത്ത് രാവണ്‍ പരാമർശം നടത്തിയത്
ജൻ ആക്രോശ് റാലിയിൽ സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നതിനിടെയാണ് ഗെലോട്ടിനെ രാജസ്ഥാൻ രാഷ്‌ട്രീയത്തിലെ രാവണൻ എന്ന് വിശേഷിപ്പിച്ചത്. ഗെലോട്ട് രാവണന്‍റെ രൂപമാണെന്നും അത് ഇല്ലാതാക്കേണ്ടതുണ്ടെന്നുമാണ് ഷെഖാവത്ത് പറഞ്ഞത്. നേരത്തെ സഞ്ജീവനി ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് ഗെലോട്ടും ഷെഖാവത്തും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
സെക്ഷൻ 143 (നിയമവിരുദ്ധമായ സംഘം ചേരൽ), 153-എ (മതം, വംശം മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295-എ (ഏതെങ്കിലും വർഗത്തിന്‍റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രവുമായ പ്രവൃത്തികൾ) ഐപിസി സെക്‌ഷൻ 500 (അപകീർത്തിപ്പെടുത്തൽ), 504 (സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ബോധപൂർവമായ അവഹേളനം) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.