കേരളം

kerala

ETV Bharat / bharat

'നിന്നെ പോലൊരു ധീരയെ സഹായിക്കുന്നതില്‍ അഭിമാനം': റാമോജി റാവുവിന്‍റെ പിന്തുണയില്‍ രൂപ തായ്‌ലന്‍ഡിലേക്ക് പറക്കും, സ്വപ്‌ന മത്സരത്തിനായി - രൂപാദേവി

പാരാ ബാഡ്‌മിന്‍റണ്‍ താരമായ രൂപാദേവിക്ക് ഇന്‍റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാനാവശ്യമായ മൂന്ന് ലക്ഷം രൂപ നല്‍കി റാമോജി റാവു. രൂപയുടെ കഥ മറ്റുള്ളവരുടെ കണ്ണ തുറപ്പിക്കുന്നതെന്നും റാമോജി ഗ്രൂപ്പ് എംഡി

Srikakulam young girl excelling in Para Badminton  financial assistance for para badminton player  Ramojirao  Rupadevi  para badminton player Rupadevi  റാമോജി റാവു  പാരാ ബാഡ്‌മിന്‍റണ്‍  രൂപാദേവി  പാരാ ബാഡ്‌മിന്‍റണ്‍ താരമായ രൂപാദേവി
റാമോജി റാവുവിന്‍റെ പിന്തുണയില്‍ രൂപ തായ്‌ലന്‍ഡിലേക്ക് പറക്കും

By

Published : Apr 29, 2023, 3:52 PM IST

Updated : Apr 29, 2023, 7:20 PM IST

രൂപാദേവി ഇടിവി ഭാരതിനോട്

ഹൈദരാബാദ്:തോല്‍ക്കാന്‍ മനസില്ലാതെ വിധിക്ക് മുന്നില്‍ പൊരുതി രാജ്യത്തിന് തന്നെ അഭിമാനമായ പടാല രൂപാദേവിക്ക് ഇത് സ്വപ്‌നസാക്ഷാത്‌കാരം. പാരാ ബാഡ്‌മിന്‍റണ്‍ താരമായ രൂപാദേവിക്ക് ഇന്‍റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാനാവശ്യമായ മൂന്ന് ലക്ഷം രൂപ നല്‍കി റാമോജി റാവു. ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശിയായ രൂപാദേവി ദേശീയ പാരാ ബാഡ്‌മിന്‍റണ്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്.

അടുത്ത മാസം തായ്‌ലന്‍ഡില്‍ നടക്കുന്ന അന്താരാഷ്‌ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയായിരുന്ന രൂപാദേവിയെ സാമ്പത്തിക ബുദ്ധിമുട്ട് വല്ലാതെ വലച്ചിരുന്നു. മൂന്ന് ലക്ഷം രൂപയാണ് തായ്‌ലന്‍ഡിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ രൂപയ്‌ക്ക് വേണ്ടിയിരുന്നത്. വിവരം അറിഞ്ഞ റാമോജി ഗ്രൂപ്പ് എംഡി റാമോജി റാവു രൂപാദേവിയെ സഹായിക്കാന്‍ മുന്നോട്ട് വരികയായിരുന്നു.

ഇടിവി ഭാരതും ഇടിവി യുവയും പുറത്തുവിട്ട വാര്‍ത്തയിലൂടെയാണ് രൂപാദേവിയുടെ ജീവിതം റാമോജി റാവുവിന്‍റെ ശ്രദ്ധയിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടില്‍ തളരാതെ കഠിനപരിശ്രമത്തിലൂടെ വിജയം നേടിയ രൂപ സാമ്പത്തികമായി ബുദ്ധിമുട്ടുന്നു എന്നത് റാമോജി ഗ്രൂപ്പ് എംഡിയെ വേദനിപ്പിച്ചു. ഉടന്‍ അദ്ദേഹം അവള്‍ക്ക് അവളുടെ സ്വപ്‌ന മത്സരത്തില്‍ പങ്കെടുക്കാനുള്ള പണം നല്‍കുകയായിരുന്നു.

പണത്തിനൊപ്പം റാമോജി റാവു ഒരു കുറിപ്പും രൂപയ്‌ക്ക് അയച്ചു.'ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ചിന്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് നിന്‍റെ കഥ. കായിക മേഖലയില്‍ മികവ് പുലര്‍ത്തുന്നതിനൊപ്പം പഠനവും തുടരാനുള്ള നിന്‍റെ ആഗ്രഹം എന്നില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. തായ്‌ലന്‍ഡില്‍ നടക്കുന്ന അന്താരാഷ്‌ട്ര പാരാ-ബാഡ്‌മിന്‍റൺ മത്സരത്തില്‍ പങ്കെടുക്കാൻ ഞാൻ മൂന്ന് ലക്ഷം രൂപ നൽകുന്നു. നിന്നെ പോലുള്ള ഒരു ധീരയായ സ്ത്രീക്ക് ഇത്തരത്തിൽ ഒരു കൈത്താങ്ങ് നൽകുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ അന്താരാഷ്ട്ര മത്സരങ്ങളിൽ നീ മികച്ച കഴിവ് പ്രകടിപ്പിക്കുകയും രാജ്യത്തിന്‍റെ അഭിമാനം ഉയർത്തുകയും ചെയ്‌താൽ, അത് കണ്ട് സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകും' -ഇങ്ങനെയായിരുന്നു റാമോജി റാവുവിന്‍റെ കത്ത്.

രൂപയെ തേടി റാമോജി റാവുവിന്‍റെ സഹായം എത്തിയതോടെ അവളുടെ ഗ്രാമവാസികളും സന്തോഷത്തിലാണ്. ഗ്രാമത്തിലുള്ളവര്‍ റാമോജി റാവുവിന് അഭിനന്ദനവും നന്ദിയും അറിയിച്ചു. 'ഇത്രയും വലിയ വ്യക്തിയായ റാമോജി റാവു വാർത്ത കാണുകയും എന്നെ സഹായിക്കുകയും ചെയ്‌തത് ഞാൻ ഭാഗ്യവതിയാണ്. എന്‍റെ പേര് അദ്ദേഹത്തിന്‍റെ അടുത്ത് എത്തിയതിൽ വലിയ സന്തോഷം തോന്നുന്നു. എന്നിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസം ഞാൻ കളയില്ല. എന്റെ രാജ്യത്തിനും എന്നെ സഹായിച്ച റാമോജി റാവുവിനും അഭിമാനിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്' -രൂപാദേവി പറഞ്ഞു.

രൂപയുടെ കഥ ഇങ്ങനെ: വിധി തളര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ തോറ്റു മടങ്ങാന്‍ രൂപാദേവി ഒരുക്കമായിരുന്നില്ല. 'കണ്ണീരൊഴുക്കാതെ വിയര്‍പ്പു തുള്ളികള്‍ ചൊരിഞ്ഞാലേ ചരിത്രം സൃഷ്‌ടിക്കാന്‍ സാധിക്കൂ' എന്ന ഇതിഹാസ കവി ശ്രീശ്രീയുടെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു രൂപാദേവി എന്ന യുവതിയുടെ ജീവിതം.

വീല്‍ചെയറില്‍ തളയ്‌ക്കപ്പെടുമായിരുന്ന ജീവിതം, കഠിന പരിശ്രമം കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാക്കുകയായിരുന്നു രൂപാദേവി. ചെറിയ കാര്യങ്ങളില്‍ പോലും നിരാശ തോന്നിയും പരിശ്രമിക്കാന്‍ മനസില്ലാതെയും ജീവിതം പോലും വെറുക്കുന്ന പലരും കണ്ട് പഠിക്കണം ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശിയായ പാദല രൂപാദേവിയെ. കാരണം ശാരീരിക വിഷമതകളെ മനസുറപ്പുറപ്പ് കൊണ്ട് തോല്‍പ്പിച്ച് ബാഡ്‌മിന്‍റണ്‍ കോര്‍ട്ടില്‍ മായാജലം സൃഷ്‌ടിക്കുന്ന യുവതിയുടെ കഥയാണിത്.

ആറാം വയസില്‍ അച്ഛനെ മരണം തട്ടിയെടുത്തപ്പോള്‍ രൂപാദേവിയെയും ചേച്ചിയെയും എങ്ങനെ വളര്‍ത്തുമെന്ന ചോദ്യമായിരുന്നു അവളുടെ അമ്മയെ ഏറെ തളര്‍ത്തിയത്. സാമ്പത്തികമായി വളരെ പിന്നാക്കമായിരുന്നു രൂപയുടെ കുടുംബം. അതിനാല്‍ തന്നെ അവളുടെ അമ്മ അവളെ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും അടുത്തേക്ക് അയച്ചു. അവിടെ നിന്നാണ് അവള്‍ പഠിച്ചതും വളര്‍ന്നതും.

തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയിരുന്ന കുട്ടിയായിരുന്നു രൂപയെന്ന് മുത്തച്ഛന്‍ ഓര്‍ത്തെടുക്കുന്നു. പിടിവാശികളോ വലിയ ആവശ്യങ്ങളോ ഒന്നും ഇല്ലാതിരുന്നൊരു ബാല്യമായിരുന്നു രൂപയുടെത്. പക്ഷേ തന്‍റെ കുടുംബത്തിന്‍റെ കഷ്‌ടതകളൊന്നും അവളുടെ പഠനത്തെ ബാധിച്ചില്ല. കഷ്‌ടപ്പാടില്‍ നിന്ന് കുടുംബത്തെ രക്ഷിക്കണം എന്ന ചിന്തയില്‍ അവള്‍ ഉറക്കമിളച്ച് പഠിച്ചു. പത്താം ക്ലാസിലും ഇന്‍റമീഡിയറ്റിലും ക്ലാസില്‍ ഒന്നമതായി വിജയിച്ചു.

ജീവിതം മാറ്റിയ അവധിക്കാലം: ഒന്നാം വര്‍ഷം ഡിഗ്രിക്ക് പഠിക്കുന്ന കാലം. അവധിക്കാലത്ത് വിജയവാഡിലേക്ക് പോയതായിരുന്നു രൂപാദേവി. അവളുടെ തലവര തന്നെ മാറ്റിമറിച്ച ഒരു അവധിക്കാലമായിരുന്നു അത്. വിജയവാഡയിലെ ആ ഇരുനില കെട്ടിടത്തിന്‍റെ രൂപത്തില്‍ വിധി ജീവിതത്തിന് മുന്നില്‍ വലിയ മതില്‍ തീര്‍ത്തങ്ങനെ നിന്നു. കെട്ടിടത്തില്‍ നിന്ന് അബദ്ധത്തില്‍ വീഴുകയായിരുന്നു രൂപാദേവി. വീഴ്‌ചയുടെ ആഘാതത്തില്‍ സുഷുമ്‌ന നാഡിക്ക് സാരമായ തകരാര്‍ സംഭവിച്ചു. കാലുകള്‍ പ്രവര്‍ത്തന രഹിതമായി. ഒരടിപോലും മുന്നോട്ട് വയ്‌ക്കാന്‍ പിന്നീട് അവള്‍ക്കായില്ല.

ഇനിയുള്ള ജീവിതത്തില്‍ വീല്‍ചെയറിന്‍റെ പിന്തുണയില്ലാതെ പറ്റില്ല എന്ന് ചികിത്സയ്‌ക്കിടെ ഡോക്‌ടര്‍മാര്‍ പറയുകയുണ്ടായി. അത്രയും നാള്‍ ഇഷ്‌ടം പോലെ ഓടിച്ചാടി നടന്നവള്‍ക്ക് പെട്ടെന്നുള്ള വീല്‍ചെയറിന്‍റെ കടന്നുവരവ് അത്രയ്‌ക്കങ്ങ് ഉള്‍ക്കൊള്ളാനായില്ല. അതിനെക്കാള്‍ ഏറെ അവളെ വിഷമിപ്പിച്ചത് മറ്റൊന്നായിരുന്നു. തന്‍റെ സുഖവിവരം അന്വേഷിക്കാനെത്തിയവരുടെ സഹതാപത്തോടെയുള്ള നോട്ടവും സംസാരവും രൂപയുടെ മനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു കൊണ്ടിരുന്നു. ഇതിനിടെ ഡോക്‌ടര്‍മാരുടെ സഹായത്തോടെ അവളുടെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അവള്‍ പ്രാപ്‌തയായിരുന്നു.

കണ്ണീരൊഴുക്കി മറ്റുള്ളവരുടെ സഹതാപ വാക്ക് കേട്ട് കാലം കഴിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. തൊഴില്‍ പരിശീലനത്തിനായി അവള്‍ ബെംഗളൂരുവിലേക്ക് പോയി. അവിടുന്നുള്ള മടക്കയാത്രയിലാണ് പാരാ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിനെ കുറിച്ച് ആകസ്‌മികമായ അറിയുന്നത്. യൂട്യൂബ് നോക്കി പരിശീലിച്ചാണ് ആദ്യ മത്സരത്തിനിറങ്ങിയത്. അതില്‍ വെള്ളി മെഡല്‍ നേടുകയും ചെയ്‌തു. അവിടെ നിന്ന് കൂടുതല്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ രൂപയും ഉള്‍പ്പെട്ടിരുന്നു. പിന്നീട് മൈസൂരില്‍ പരിശീലനം നേടി. സംസ്ഥാന തലത്തില്‍ രണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടി.

ദേശീയ മത്സരത്തിലും പങ്കെടുത്തു. അവിടെയും സ്വര്‍ണവും വെള്ളിയും കൊയ്‌ത് രൂപ രാജ്യത്തിന്‍റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റി. അടുത്തമാസം തായ്‌ലന്‍ഡില്‍ നടക്കുന്ന അന്താരാഷ്‌ട്ര മത്സരത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. സാമ്പത്തിക ബുദ്ധിമുട്ട് ഒരുവേള തന്‍റെ ചിറകുകള്‍ അരിയുമെന്ന് ഭയന്നെങ്കിലും സഹായ ഹസ്‌തവുമായി റാമോജി റാവു കൂടി എത്തിയതോടെ ലക്ഷ്യം നേടുമെന്ന ഉറച്ച തീരുമാനത്തിലാണ് രൂപാദേവി.

Last Updated : Apr 29, 2023, 7:20 PM IST

ABOUT THE AUTHOR

...view details