ജയ്‌പൂർ : രാജസ്ഥാനിൽ വിദേശ വനിതയോട് അപമര്യാദയായി പെരുമാറി നാട്ടുകാരൻ. രാജസ്ഥാനിലെ ജയ്‌പൂർ നഗരത്തിലെ സിന്ധി ക്യാമ്പ് ഏരിയയിലാണ് സംഭവം. വിനോദസഞ്ചാരിയായ വിദേശ വനിതയോട് നാട്ടുകാരൻ അനുചിതമായി സ്‌പർശിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വിദേശ വനിത നടന്നുപോകുമ്പോൾ 40 വയസ് തോന്നിക്കുന്ന ഒരാൾ അവരുടെ തോളിൽ കൈയിടുകയും പിന്നാലെ 'it is my pleasure' എന്ന് പറഞ്ഞുകൊണ്ട് ഇയാൾ അനുചിതമായി സ്‌ത്രീയെ സ്‌പർശിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. തുടർന്ന് വിദേശ വനിത അസ്വസ്ഥയാകുകയും ഇയാളുടെ കൈ തട്ടി മാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിദേശ വനിതയെ അനുചിതമായി സ്‌പർശിക്കുന്ന ഇയാൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചു. ഇയാൾ ഒരു വിനോദസഞ്ചാരിയായ വിദേശ വനിതയെ അനുചിതമായി സ്‌പർശിക്കുന്ന വീഡിയോ കാണാനിടയായി. ഇത് വളരെ ലജ്ജാകരമാണ്. നടപടിക്കായി അശോക് ഗെലോട്ടിനെയും രാജസ്ഥാൻ പൊലീസിനെയും ടാഗ് ചെയ്യുന്നു. ഈ സംഭവങ്ങൾ രാജ്യത്തിന് ചീത്തപ്പേര് ഉണ്ടാക്കുന്നുവെന്നും സ്വാതി മലിവാൾ ട്വിറ്ററിൽ കുറിച്ചു.
വിഷയത്തിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങളിലുള്ള ആൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
റാപ്പിഡോ ബൈക്ക് ഡ്രൈവർ അപമര്യാദയായി പെരുമാറി : കഴിഞ്ഞ ഏപ്രിലിൽ റാപ്പിഡോ ബൈക്ക് ഡ്രൈവർ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ബൈക്കിൽ നിന്ന് യുവതി എടുത്ത് ചാടിയിരുന്നു. ഏപ്രിൽ 21ന് ബെംഗളൂരു യെലഹങ്ക ബി എം എസ് കോളജിന് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. യുവതി പരാതി നൽകിയതിനെ തുടർന്ന് ആന്ധ്രാപ്രദേശ് സ്വദേശിയായ ബൈക്ക് ഡ്രൈവർ ദീപക് റാവുവിനെ (27) പൊലീസ് പിടികൂടി.
ഏപ്രിൽ 21ന് രാത്രി 11 മണിയോടെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാനായി യുവതി റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്യുകയായിരുന്നു. തുടർന്ന്, സ്ഥലത്തെത്തിയ പ്രതി യുവതി ആവശ്യപ്പെട്ട റൂട്ടിൽ പോകാതെ മറ്റൊരു റൂട്ടിലൂടെ പോകുകയായിരുന്നു. ബൈക്ക് നിർത്താൻ യുവതി ആവശ്യപ്പെട്ടെങ്കിലും പ്രതി കൂടുതൽ വേഗത്തില്‍ ബൈക്ക് ഓടിച്ചു.
ഇതോടെ ആശങ്കയിലായ യുവതി ബി എം എസ് കോളജിന് മുന്നിലെത്തിയതോടെ ബൈക്കിൽ നിന്ന് എടുത്ത് ചാടി. ഇത് ശ്രദ്ധയിൽപ്പെട്ട കോളജിലെ സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തിയതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. വീഴ്‌ചയിൽ യുവതിയുടെ കൈയ്‌ക്കും കാലിനും നിസാര പരിക്കുകളേറ്റു.
തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി. ശേഷം യുവതി പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ റാപ്പിഡോ ബൈക്ക് ഡ്രൈവർ ദീപക് റാവുവിനെ പിടികൂടി.
More read :റാപ്പിഡോ ഡ്രൈവർ അപമര്യാദയായി പെരുമാറി; യുവതി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് എടുത്ത് ചാടി