കേംബ്രിഡ്‌ജ് : പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ കൊലപാതകം തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പഠനാനുഭവമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജീവിതത്തിൽ ഒരിക്കലും പഠിക്കാൻ ഇടയില്ലാതിരുന്ന പല കാര്യങ്ങളും ആ സംഭവം തന്നെ പഠിക്കാൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേംബ്രിഡ്‌ജ് സർവകലാശാലയിൽ ഇന്ത്യൻ വംശജയായ അധ്യാപിക ഡോ. ശ്രുതി കപിലയുമായി നടത്തിയ സംഭാഷണത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
കോർപ്പസ് ക്രിസ്റ്റി കോളജിലെ ചരിത്ര അധ്യാപികയായ കപില, ഗാന്ധി മാർഗത്തിൽ എങ്ങനെ ജീവിക്കാമെന്ന് രാഹുൽ ഗാന്ധിയോട് ചോദിച്ചു. അതിനോടായിരുന്നു പ്രതികരണം. തന്‍റെ അച്ഛന്‍റെ കൊലപാതകം തന്നെ ഒരിക്കലും പഠിക്കാൻ ഇടയില്ലാതിരുന്ന കാര്യങ്ങൾ പഠിപ്പിച്ചു എന്ന വസ്‌തുതയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. നിങ്ങൾ പഠിക്കാൻ തയാറുള്ളിടത്തോളം ആളുകൾ എത്ര മോശക്കാരായാലും പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈനംദിന രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്തിയും രാഹുൽ ഗാന്ധി ഇത് വിശദീകരിച്ചു. ഞാന്‍ തിരിഞ്ഞുനടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ പുറകില്‍ നിന്ന് ആക്രമിക്കുകയാണെങ്കിൽ അദ്ദേഹം വളരെ ക്രൂരനാണെന്നും എന്നെ ആക്രമിക്കുകയാണെന്നും ഞാൻ പറയും. അത് കാര്യങ്ങളെ സമീപിക്കാനുള്ള ഒരു രീതിയാണ്. മറ്റൊരു രീതിയിൽ നോക്കിയാൽ അദ്ദേഹത്തിൽ നിന്ന് എനിക്ക് എന്തെങ്കിലും പഠിക്കാൻ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.