ഒരു കുഞ്ഞിന്‍റെ ജീവിതത്തിൽ അച്ഛനുള്ള പ്രാധാന്യം വളരെയേറെയാണ്. പറഞ്ഞറിയിക്കാവുന്നതിനുമപ്പുറം. പലപ്പോഴും അച്ഛന്‍റെ സ്വഭാവ രീതികളും പെരുമാറ്റവും മക്കളെ സ്വാധീനിക്കാറുണ്ട്. ഓരോ അച്ഛനും മക്കൾക്ക് എല്ലാ കാര്യത്തിലും ഏറ്റവും മികച്ചത് നൽകാനാണ് ശ്രമിക്കുന്നത്.
ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്‌ചയാണ് ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുന്നത്. എന്നാൽ ഈ ഒരു ദിവസത്തേക്ക് മാത്രം അച്ഛനോടുള്ള പ്രത്യേക പരിഗണന ഒതുങ്ങുന്നില്ല.
ഇതൊരു പ്രതീകാത്മക ദിവസമായി മാത്രമായാണ് കണക്കാക്കുന്നത്. മക്കളുടെ ജീവിതത്തിൽ എന്നും ഒരു തണലായി മാറിയതിന് നന്ദി പറയാനുള്ള അവസരം കൂടിയാണിത്.
ഫാദേഴ്‌സ് ഡേയുടെ ചരിത്രം
1910ൽ വാഷിംഗ്‌ടണിലാണ് ആദ്യമായി ഫാദേഴ്‌സ് ഡേ ആഘോഷിക്കാൻ തുടങ്ങിയത്. ഓരോ വ്യക്തിയുടെയും ജീവിതം പൂർണമാകുന്നതിൽ അച്ഛൻ വഹിക്കുന്ന പ്രാധാന്യം ഓർമപ്പെടുത്തുന്നതിനായി ഒരു ദിനം എന്ന ആശയം മുന്നോട്ട് വച്ചത് സൊനോറ സ്‌മാർട്ട് ഡോഡ് ആണ്.
അമ്മയുടെ മരണത്തോടെ സൊനോറയെയും അഞ്ച് സഹോദരങ്ങളെയും അച്ഛനാണ് വളർത്തിയത്. ആറാമത്തെ കുഞ്ഞിന്‍റെ ജനനത്തോടെയായിരുന്നു സൊനോറയുടെ അമ്മയുടെ മരണം. നവജാത ശിശു ഉൾപ്പെടെ ആറ് മക്കളെയും അച്ഛൻ കഷ്‌ടപ്പെട്ട് വളർത്തുന്നതിനിടയിൽ അച്ഛന് പലതും ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ഇതെല്ലാം സൊനോറയെ വേദനിപ്പിച്ചിരുന്നു. 1909ൽ സമീപത്തുള്ള പള്ളിയിൽ മദേഴ്‌സ് ഡേ ആഘോഷിക്കുന്നതറിഞ്ഞ സൊനോറ അച്ഛന്‍റെ ജൻമദിനമായ ജൂൺ ഒൻപതിന് ഫാദേഴ്‌സ് ഡേ ആഘോഷിക്കാൻ തീരുമാനിച്ചു.
ഈ വിവരം പാസ്‌റ്ററോട് പറയുകയും സൗകര്യാർഥം 1910 ജൂൺ 19ന് ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയും ചെയ്‌തു. 1972ൽ അമേരിക്കൻ പ്രസിഡന്‍റ് റിച്ചാർഡ് നിക്‌സൺ ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്‌ച ഫാദേഴ്‌സ് ഡേ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിന്നീട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫാദേഴ്‌സ് ഡേ ആഘോഷിക്കാൻ തുടങ്ങി.
ജീവിതത്തിൽ എന്നും കരുത്തും കരുതലുമായി ഒപ്പം നിന്ന് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്ന അച്ഛന് വേണ്ടിയുള്ള ഈ ദിനം മക്കൾ വിവിധ രീതിയിലാണ് ആഘോഷിക്കുന്നത്. മാതാപിതാക്കളെ തെരുവിലും വൃദ്ധസദനത്തിലും ഉപേക്ഷിക്കുന്ന ഈ കാലത്ത് ഫാദേഴ്‌സ് ഡേയുടെ പ്രാധാന്യം ഏറെയാണ്.