ക്രൂരമായ ഭരണകൂട ഭീകരതയ്ക്കും നീതിനിഷേധത്തിനും ഇരയായാണ് സ്റ്റാന്‍ ലൂർദ് സ്വാമി എന്ന സ്റ്റാൻ സ്വാമി വിടവാങ്ങിയത്. അവശവിഭാഗങ്ങള്‍ക്കുവേണ്ടി അഹോരാത്രം ശബ്ദിച്ച ആ മനുഷ്യസ്നേഹി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് രാജ്യദ്രോഹം ചുമത്തപ്പെട്ട് വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് 84-ാം വയസിൽ മരണത്തിന് കീഴടങ്ങിയത്.
ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. കൊവിഡ് ബാധിതനായ അദ്ദേഹത്തെ 2021 മെയ് 29നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്‌ച പുലർച്ചെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധ, പാർക്കിൻസൺസ് രോഗം, കൊവിഡാനന്തര പ്രശ്‌നങ്ങൾ എന്നിവയാണ് മരണകാരണം.
ഇന്ന് (2021 ജൂലൈ 5) സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് രാജ്യ മനസ്സാക്ഷിയെ നടുക്കുന്ന മരണവാർത്ത എത്തിയത്.
വിദ്യാര്‍ഥി നാള്‍ മുതലേ പോരാളി
1937 ഏപ്രിൽ 26ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലായിരുന്നു ജനനം. ഫിലിപ്പൈൻസിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. പഠന കാലയളവിലേ ഭരണകൂട തിന്മകൾക്കെതിരായ പ്രതിഷേധങ്ങളില്‍ അദ്ദേഹത്തിന്‍റെ തീക്ഷ്ണ സാന്നിധ്യമുണ്ടായിരുന്നു.
അക്കാലത്ത് ബ്രസീലിയൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഹെൾഡർ കാമറയുമായി അദ്ദേഹം ചങ്ങാത്തത്തിലായി. അങ്ങനെയാണ് സാമൂഹ്യ സേവനത്തിലേക്കെത്തുന്നത്.
ജയിലിലടയ്ക്കപ്പെട്ടത് ഇങ്ങനെ
2020 ഒക്‌ടോബർ എട്ടിനാണ് എൽഗാർ പരിഷദ് കേസുമായി ബന്ധപ്പെട്ട് സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്‌തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു നടപടി. 2018ൽ ഭീമ കൊറേഗാവ് കലാപത്തില്‍ പങ്കുണ്ടെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നും ആരോപിച്ചായിരുന്നു കേസ്.
മാവോയിസ്റ്റുകളായി മുദ്രകുത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട മൂവായിരത്തോളം പുരുഷന്മാരുടെയും സ്‌ത്രീകളുടെയും മോചനത്തിനായി സ്റ്റാൻ സ്വാമിയും സുധ ഭരദ്വാജും ചേർന്ന് പേർസിക്യൂട്ടഡ് പ്രിസണേഴ്‌സ് സോളിഡാരിറ്റി കമ്മിറ്റി രൂപീകരിച്ചു.
ഇത് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ അദ്ദേഹത്തില്‍ മാവോയിസ്റ്റ് ബന്ധം ചാര്‍ത്തിയത്. പൂനെ പൊലീസ് അന്വേഷിച്ചിരുന്ന കേസ് എൻഐഎയ്‌ക്ക് കൈമാറുകയായിരുന്നു.
ജാർഖണ്ഡിലെ ആദിവാസി ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സ്വാമിയെ റാഞ്ചിയിലെ വീട്ടിലെത്തിയാണ് എൻഐഎ അറസ്റ്റ് ചെയ്‌തത്. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലാകുന്ന 16 -മത്തെ ആക്ടിവിസ്‌റ്റായിരുന്നു സ്റ്റാൻ സ്വാമി.