നന്ദേഡ് (മഹാരാഷ്‌ട്ര): ബന്ധുവുമായി പ്രണയത്തിലായിരുന്ന മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ബന്ധുവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി അയാളെ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നു കഴിഞ്ഞ, ഓഗസ്റ്റ് 2ന് പിതാവ് പ്രകോപിതനായി പെൺകുട്ടിയെ അരിവാൾ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
പെൺകുട്ടിയുടെ കരച്ചിൽ കേട്ടു വന്ന അമ്മയെ സംഭവം പുറത്തു പറയരുതെന്ന് പിതാവ് ഭീഷണിപ്പെടുത്തി. തുടർന്നു തെളിവ് നശിപ്പിക്കാനായി പെൺകുട്ടിയുടെ മ്യതദേഹം വയലിൽ മറവു ചെയ്യുകയായിരുന്നു. നന്ദേഡ് ജില്ലയിലെ കൃഷ്‌ണവാടി മുഖേഡ് സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
സംഭവം നടന്ന ദിവസം പെൺകുട്ടിയും പിതാവും തമ്മിൽ തർക്കമുണ്ടാവുകയും പിതാവ് പെൺകുട്ടിയ്‌ക്കായി വേറെ വരനെ കണ്ടെത്തി നൽകാമെന്ന് വാക്കു നൽകുകയും ചെയ്‌തു. എന്നാൽ പ്രണയിച്ച യുവാവിനെ തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ മരണം ആത്മഹത്യയാക്കി മാറ്റാനും പിതാവ് ശ്രമിച്ചിരുന്നു.