തിരുവനന്തപുരം/ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ജന-കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്കെഎം)നടത്തുന്ന ഭാരത് ബന്ദ് തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ബന്ദ് വൈകിട്ട് ആറിന് അവസാനിക്കും. അവശ്യ സര്‍വീസുകള്‍, പാല്‍, പത്രം എന്നിവയെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് പിന്തുണയിൽ പ്രഖ്യാപിച്ച ഹർത്താലും തുടങ്ങി. ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് സംയുക്ത സമരസമിതിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ആരംഭിച്ച കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപകമായി ഭാരത് ബന്ദ് നടത്തുന്നത്.
പിഎസ്‌സി, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
കെഎസ്ആർടിസിയുടെ സാധാരണ സർവീസ് ഉണ്ടായിരിക്കില്ല. എന്നാല്‍ എയർപോർട്ടുകൾ റെയിൽവേ സ്റ്റേഷനുകൾ ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് അകമ്പടിയോടെ പരിമിതമായ സർവീസ് നടത്തും. സർവകലാശാലാ, പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. ഇരുമുന്നണികളും പിന്തുണയ്‌ക്കുന്ന സാഹചര്യത്തിൽ ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ഐഎൻടിയുസി (INTUC) സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ ഞായറാഴ്ച പറഞ്ഞു. ആർഎസ്എസ് അനുബന്ധ ഭാരതീയ മസ്‌ദൂർ സംഘ് (ബിഎംഎസ്) ഒഴികെ മറ്റെല്ലാ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങൾ തടയുകയോ നിർബന്ധിതമായി കടകൾ അടയ്‌ക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളുടെ പിന്തുണ
കേരളം, തമിഴ്നാട്, ഛത്തീസ്ഗഡ്, പഞ്ചാബ്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരുകൾ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ 500ലധികം കർഷക സംഘടനകൾ, 15 ട്രേഡ് യൂണിയനുകൾ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ എന്നിവയും പിന്തുണ അറിയിച്ചിട്ടുണ്ട്.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ബന്ദില്‍ സർക്കാർ, സ്വകാര്യ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകൾ, വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ എന്നിവ പ്രവര്‍ത്തിക്കില്ലെന്നും പൊതു പരിപാടികളും ചടങ്ങുകളും രാജ്യത്തുടനീളം നടത്തില്ലെന്നും എസ്കെഎം അറിയിച്ചു. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരും ഇന്നത്തെ ബന്ദിൽ പങ്കെടുക്കണമെന്ന് സംയുക്ത കര്‍ഷക സംഘടനകളുടെ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ഥിച്ചു.
രാവിലെ 11ന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധ റാലി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, തെലുങ്ക് ദേശം പാർട്ടി, ജനതാദൾ തുടങ്ങി നിരവധി പാർട്ടികൾ (മതേതര), ബഹുജൻ സമാജ് പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ദ്രാവിഡ മുന്നേറ്റ കഴകം, എസ്എഡി-സംയുക്ത്, യുവജന ശ്രീകാര്യം കോൺഗ്രസ് പാർട്ടി, ജാർഖണ്ഡ് മുക്തി മോർച്ച, രാഷ്ട്രീയ ജനതാദൾ, സ്വരാജ് ഇന്ത്യ, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്‍, ബാർ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും ഭാരത് ബന്ദിന് പിന്തുണ നൽകുന്നുണ്ട്.
ബന്ദിന്‍റെ ഭാഗമായി കേന്ദ്ര ട്രേഡ് യൂണിയനുകൾ രാവിലെ 11ന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധ റാലി നടത്തും.
കൂടുതല്‍ വായനക്ക്: ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു