ന്യൂഡൽഹി:പുതുക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധം 200-ാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ജൂൺ 26 ന് രാജ്ഭവന് മുന്നിൽ കർഷകർ കുത്തിയിരിപ്പ് സമരം നടത്തും. ജൂൺ 26 ന് കർഷകർ രാജ്‌ഭവന് മുന്നിൽ പ്രതിഷേധിക്കുമെന്നും കരിങ്കൊടി കാണിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഇത് സംബന്ധിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന് മെമ്മൊറാണ്ടം അയച്ചുവെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
കാർഷിക നിയമങ്ങൾക്കെതിരെ ജൂൺ 26 ന് രാജ്ഭവന് മുന്നിൽ കർഷകർ പ്രതിഷേധിക്കും
ജൂൺ 26 ന് "കൃഷി സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക" ദിനം ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് ധർമേന്ദ്ര മാലിക് പറഞ്ഞു.
ജൂൺ 26 ന് "കൃഷി സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക" ദിനം ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് ധർമേന്ദ്ര മാലിക് പറഞ്ഞു. ''ജൂൺ 26 ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നു. ഇന്ന് മോദി സർക്കാർ രാജ്യത്ത് പ്രഖ്യാപിക്കാതെയുള്ള അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണെന്നും'' കർഷക നേതാക്കൾ പറഞ്ഞു.
കൂടാതെ അതിർത്തിയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും കർഷകർ ആശങ്ക പ്രകടിപ്പിച്ചു. പ്രക്ഷോഭ സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷയ്ക്കായി ശനിയാഴ്ചയോടെ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് കർഷകർ കൂട്ടിച്ചേർത്തു. കരിങ്കൊടികൾ കാണിച്ച് കർഷകർ വിവിധ സ്ഥലങ്ങളിൽ ബിജെപി നേതാക്കൾക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്നുണ്ടെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.