ന്യൂഡൽഹി: തലസ്ഥാനത്ത് നടക്കുന്ന കർഷകരുടെ 'ഡൽഹി ചലോ' പ്രതിഷേധ മാർച്ചിന്‍റെ പശ്ചാത്തലത്തിൽ ഫരീദാബാദിൽ സുരക്ഷ വർധിപ്പിച്ച് ഡൽഹി പൊലീസ്. നവംബർ 26 മുതൽ 28 വരെയാണ് കർഷകരുടെ പ്രതിഷേധ മാർച്ച്. ഡൽഹി - ഹരിയാന അതിർത്തിയിൽ ഫരീദാബാദിനും സിങ്കു ഗ്രാമത്തിനും സമീപമാണ് രണ്ട് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെയും സെൻട്രൽ റിസർവ് പൊലീസ് സേനയിലെ മൂന്ന് ബറ്റാലിയനുകളെയും വിന്യസിച്ചത്.
കർഷകരുടെ 'ഡൽഹി ചലോ' മാർച്ച്; ഫരീദാബാദിൽ കനത്ത സുരക്ഷ - ഫരീദാബാദിൽ സുരക്ഷ
സെൻട്രൽ റിസർവ് പൊലീസ് സേനയിലെ മൂന്ന് ബറ്റാലിയൻ ഉദ്യോഗസ്ഥരടക്കം നിരവധി പൊലീസുകാരെയാണ് ഡൽഹി - ഹരിയാന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്.
ഡൽഹി - ഫരീദാബാദ് അതിർത്തിയിലെ അഞ്ചിടങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹന പരിശോധന കർശനമാക്കിയതായും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും ഡൽഹി പൊലീസ് സബ് ഇൻസ്പെക്‌ടർ പൃഥ്വിരാജ് മീന പറഞ്ഞു. കർഷകരാരും ഇതുവരെ ഇവിടെയെത്തിയിട്ടില്ല. വന്നാൽ ചർച്ച നടത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദേശീയ തലസ്ഥാനത്തിന്‍റെ ഗതാഗത സംവിധാനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഡൽഹി മെട്രോ വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ട് വരെ റദ്ദാക്കും. കർഷകരുടെ പ്രതിഷേധ റാലിക്കിടെ ഉണ്ടായേക്കാവുന്ന ജനക്കൂട്ടം നിയന്ത്രിക്കുകയെന്ന ഉദ്ദേശത്തോടെയാണ് നീക്കമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ഡൽഹിയിലേക്കുള്ള ട്രയിൻ സർവീസുകളിലും മുടക്കം സംഭവിക്കും. സംസ്ഥാന അതിർത്തിക്ക് മുമ്പായി സ്ഥിതിചെയ്യുന്ന സ്റ്റേഷനുകൾ വരെ സർവീസ് നടത്തും.