ഫരീദാബാദ്: ഒട്ടേറെ നുഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ട് ആരവല്ലി മലനിരകളിൽ. ആരവല്ലിയുടെ ഭഗമായ ഫരീദാബാദ് ജില്ലയിലെ ഈ മലനിരയിലും അത്തരത്തിലൊന്ന് ഒളിഞ്ഞിരിപ്പുണ്ട്. ഒരു തടാകത്തിന്‍റെ രൂപത്തിൽ. കാഴ്‌ചയിൽ ശാന്തവും സുന്ദരവുമാണ് ഈ തടാകം. ഇവിടത്തെ തെളിഞ്ഞ വെള്ളം കാണുമ്പോൾ ആർക്കും ഒന്ന് നീന്തിക്കയറാൻ തോന്നും. എന്നാൽ അങ്ങനെ നീന്താൻ ഇറങ്ങിയവരില്‍ അധികമാരും പിന്നീട് കരയിലേക്ക് കയറിയിട്ടില്ല. തന്‍റെ ആഴങ്ങളിലേക്ക് ആളുകളെ വലിച്ചുകൊണ്ട് പോകുന്ന ഒരു നിഗൂഢത ഇവിടെ ഒളിച്ചിരിപ്പുണ്ട്. അതുകൊണ്ട് ഇപ്പോൾ ഇവിടം അറിയപ്പെടുന്നത് മരണത്തിന്‍റെ തടാകം എന്നാണ്.
മരണമുറങ്ങുന്ന തടാകം
കാഴ്‌ചയിൽ ശാന്തവും സുന്ദരവുമാണ് ഈ തടാകം. ഇവിടത്തെ തെളിഞ്ഞ വെള്ളം കാണുമ്പോൾ ആർക്കും ഒന്ന് നീന്തിക്കയറാൻ തോന്നും. എന്നാൽ ആഴങ്ങളിലേക്ക് ആളുകളെ വലിച്ചുകൊണ്ട് പോകുന്ന ഒരു നിഗൂഢത ഇവിടെ ഒളിച്ചിരിപ്പുണ്ട്
ഇന്‍റെർനെറ്റിലൂടെ ഈ തടാകത്തെക്കുറിച്ച് അറിഞ്ഞെത്തുന്നവർ നിരവധിയാണ്. കൂടുതലും കോളജ് വിദ്യാർഥികളാണ്. മരണത്തിന്‍റെ തടാകമെന്ന പേരിൽ ഇന്‍റെർനെറ്റിലും ഇവിടം പ്രശസ്‌തമാണ്. ഈ തടാകത്തിൽ മുങ്ങിമരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചു വരുകയാണ്. തടാകത്തിന്‍റെ സ്വാഭാവവും അപകട സാധ്യതയും കണക്കിലെടുക്കാതെ കുളിക്കാൻ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നവരിൽ അധികവും. അപകടങ്ങൾ പതിവായിട്ടും അപായ സുചനകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല.മരണത്തിന്‍റെ പേരിൽ അറിയപ്പെട്ടിട്ടും നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും തടാകത്തിന്‍റെ കൃത്യമായ ആഴം കണക്കാക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ല എന്നതാണ് വസ്‌തുത. ഒരു അപായ ബോർഡെങ്കിലും സ്ഥാപിച്ചിരുന്നെങ്കിൽ ഇവിടെ പൊലിഞ്ഞ ഒരു ജീവനെങ്കിലും രക്ഷിക്കാമായിരുന്നു. അധികൃതരുടെ അനാസ്ഥ തുടരുമ്പോഴും അപകടങ്ങൾ വർധിക്കുമ്പോഴും തടാകം കാണാനെത്തുന്നവരുടെ എണ്ണത്തിന് ഒരു കുറവും ഇല്ല.