ഡെറാഡൂണ്‍:ഉത്തരാഖണ്ഡിലെ ക്ഷേത്ര ചുമരുകളില്‍ വ്യാജ ക്യുആര്‍ കോഡുകള്‍ പതിപ്പിച്ച് സഹായം അഭ്യര്‍ഥിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. സംഭാവന ആവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റി ക്യുആര്‍ കോഡുകള്‍ പതിപ്പിച്ചിട്ടില്ലെന്നും ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ അജേന്ദ്ര അജയ് പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഞായറാഴ്‌ചയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ക്ഷേത്ര ചുമരുകളിലെ വ്യാജ ക്യുആര്‍ കോഡ്; സ്‌കാന്‍ ചെയ്‌ത് പണം നല്‍കി ഭക്തര്‍, പൊലീസില്‍ പരാതി നല്‍കി ക്ഷേത്ര കമ്മിറ്റി - paytm
ബദരീനാഥ്-കേദാർനാഥ് ക്ഷേത്രങ്ങളിലെ ചുമരുകളില്‍ വ്യാജ ക്യുആര്‍ കോഡ് പതിപ്പിച്ച സംഭവത്തില്‍ പൊലീസില്‍ പരാതിയുമായി ക്ഷേത്ര കമ്മിറ്റി
ഏപ്രില്‍ 25നാണ് കേദാര്‍നാഥ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് ഏപ്രില്‍ 27ന് ബദരീനാഥ് ക്ഷേത്രവും തുറന്നു. രണ്ടിടങ്ങളിലെയും നട തുറക്കുന്ന സമയത്താണ് ക്ഷേത്ര ചുമരുകളില്‍ ക്യുആര്‍ കോഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ക്ഷേത്ര കമ്മിറ്റിയാണ് സഹായം അഭ്യാര്‍ഥിച്ച് ക്യുആര്‍ സ്ഥാപിച്ചതെന്ന് തെറ്റിദ്ധരിച്ച് നിരവധി ഭക്തരാണ് ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്‌ത് പണം നല്‍കിയത്. എന്നാല്‍ ക്യുആര്‍ കോഡുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അവ തങ്ങള്‍ പതിപ്പിച്ചതല്ലെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
കൂടാതെ വേഗത്തില്‍ ക്യുആര്‍ കോഡുകള്‍ എടുത്ത് മാറ്റുകയും ചെയ്‌തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ആദ്യം ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വിഷയത്തില്‍ അന്വേഷണം നടത്തിയെങ്കിലും തുടര്‍ന്ന് കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളില്‍ പരാതി നല്‍കുകയായിരുന്നു. പേടിഎം പോലുള്ള ആപ്ലിക്കേഷനുകള്‍ ഇതുവരെ ക്ഷേത്ര കമ്മിറ്റി ഉപയോഗിക്കുന്നില്ലെന്നും ചെയര്‍മാന്‍ അജേന്ദ്ര അജയ് പറഞ്ഞു. രണ്ട് ദിവസമാണ് ക്ഷേത്രത്തിലെ ചുമരുകളില്‍ ക്യുആര്‍ കോഡുകളുണ്ടായിരുന്നത്. രണ്ടിടങ്ങളിലും നിരീക്ഷണം നടത്താന്‍ നിരവധി പേരുണ്ടായിട്ടും അവ ശ്രദ്ധയില്‍പ്പെടാത്തത് എന്താണെന്നതിലും അന്വേഷണം നടത്തും. ക്ഷേത്ര കമ്മിറ്റി നല്‍കിയ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.