ന്യൂഡല്‍ഹി:പ്രതിപക്ഷ അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനും പ്രതിഷേധത്തിനുമിടെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനം ലോക്സഭ ഡിസംബർ എട്ടിന് ശബ്ദവോട്ടോടെ പാസാക്കിയിരുന്നു. മഹുവ മൊയ്ത്ര കേസില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചിരുന്നു. രണ്ടു മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ ബഹളത്തിനിടെ തന്നെ റിപ്പോര്‍ട്ട് സഭ ചര്‍ച്ചക്കെടുക്കുകയായിരുന്നു.
പ്രതിപക്ഷത്തിന് ഏറെ സമയം നല്‍കാതെ ഞൊടിയിടയിലായിരുന്നു റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ചത്. ആരോപണ വിധേയയായ മഹുവ മൊയ്ത്രയ്ക്ക് ചര്‍ച്ചക്കിടെ വിശദീകരിക്കാന്‍ സമയം അനുവദിച്ചതുമില്ല. ചര്‍ച്ചയെത്തുടര്‍ന്ന് 2005 ലെ കീഴ്വഴക്കം ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള പ്രമേയം പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിക്കുകയായിരുന്നു. എംപി എന്ന നിലയ്ക്കുള്ള മഹുവ മൊയ്ത്രയുടെ പെരുമാറ്റം പദവിക്ക് നിരക്കാത്തതാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് മഹുവ മൊയ്ത്ര വ്യവസായി ദര്ശന് ഹീരാ നന്ദാനിയില്‍ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന് ആരോപിച്ച് മറ്റൊരു പാര്‍ലമെന്റംഗം നിഷികാന്ത് ദുബേ നല്കിയ പരാതി ലോക്സഭ സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ഹീരാ നന്ദാനിയുടെ വ്യവസായ താല്‍പ്പര്യം സംരക്ഷിക്കാന്‍ മഹുവ മൊയ്ത്ര പണം കൈപ്പറ്റി പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ചുവെന്ന് മാത്രമല്ല, ചോദ്യങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ ലോക്സഭ വെബ്സൈറ്റിലെ തന്റെ പാസ് വേര്‍ഡ് വരെ വ്യവസായിയുമായി പങ്കുവെച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരാതിക്കാരനില്‍ നിന്നും ആരോപണ വിധേയയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച് ഇരുവരേയും വിസ്തരിച്ച ശേഷം എത്തിക്സ് കമ്മിറ്റി സ്പീക്കര്‍ക്ക് കഴിഞ്ഞ മാസം 9 ന് (നവംബര്‍) റിപ്പോര്‍ട്ട് നല്കി.
ചോദ്യത്തിന് പണം വാങ്ങിയതും സമ്മാനം കൈപ്പറ്റിയതും ഒക്കെ മാറ്റി വെച്ചാല്‍ത്തന്നെ ഒരു പാര്‍ലമെന്റംഗം തന്റെ മണ്ഡലത്തില്പ്പെട്ടവരെക്കുറിച്ചോ അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ടതോ ആയ വിഷയങ്ങള്‍ സഭയില്‍ ചോദ്യ രൂപത്തില്‍ ഉന്നയിക്കുന്നത് ഒരിക്കലും തെറ്റല്ല. പക്ഷേ എല്ലാറ്റിനും ചില വ്യവസ്ഥകളുണ്ട്. ഒരംഗം തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉടന്‍ തന്റെ പ്രൊഫഷണല്‍ ബിസിനസ് സംരംഭങ്ങളെപ്പറ്റിയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിശദ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അത് അംഗങ്ങളുടെ വിവരങ്ങളടങ്ങിയ രജിസ്റ്ററില്‍ രേഖപ്പെടുത്തപ്പെടും. ഇത് മറ്റംഗങ്ങള്‍ക്കും വിവരാവകാശ നിയമ പ്രകാരം പൊതുജനങ്ങള്‍ക്കും പരിശോധിക്കാവുന്നതാണ്.
തന്റെ ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗം സഭയില്‍ ഏതെങ്കിലും വിഷയം ഉന്നയിക്കുകയാണെങ്കില്‍ അക്കാര്യം മുന്‍കൂട്ടി എഴുതി അറിയിക്കേണ്ടതാണ്. ഉദാഹരണത്തിന് അഭിഭാഷക ജോലിയിലിരിക്കുന്ന ഒരംഗം തന്റെ ഏതെങ്കിലും കക്ഷികളുമായി ബന്ധമുള്ളതോ അവര്‍ക്ക് താല്‍പ്പര്യമുള്ളതോ ആയ വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനു മുമ്പ് സത്യവാങ്ങ് മൂലം നല്‍കണമെന്നാണ് ചട്ടം.
അതിലുപരിയായി സഭയില്‍ അംഗങ്ങള്‍ പാലിക്കേണ്ട മര്യാദകളുമായി ബന്ധപ്പെട്ട് ചില കീഴ്വഴക്കങ്ങള് നിലവിലുണ്ട്. നിയതമായ എഴുതപ്പെട്ട പെരുമാറ്റച്ചട്ടങ്ങളില്ലെങ്കിലും സഭയുടെ സുഗമമായ നടത്തിപ്പിനും സഭയുടെ അന്തസ്സും മാന്യതയും ഉയര്‍ത്തിപ്പിടിക്കുന്നതിനും അംഗങ്ങള്‍ പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് ലോക്സഭയുടെ റൂള്‍സ് ഓഫ് പ്രൊസീജിയേഴ്സില്‍ കൃത്യമായ വ്യവസ്ഥകളുണ്ട്.
അംഗങ്ങളുടെ സഭയിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗീകരിച്ചിട്ടുള്ള മറ്റൊരു രേഖ 2005 ഏപ്രില്‍ 20 ന് രാജ്യസഭ എത്തിക്സ് കമ്മിറ്റി സമര്‍പ്പിച്ച നാലാമത് റിപ്പോര്‍ട്ടാണ്. 14 ഈ പെരുമാറ്റച്ചട്ടമാണ് സമിതി ശുപാര്‍ശ ചെയ്തത്. അവയില്‍ പ്രധാനപ്പെട്ട ശുപാര്‍ശകള്‍ പരിശോധിക്കാം.
1. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് തങ്ങളുടെ പാര്‍ലമെന്റംഗം എന്ന നിലയിലുള്ള പദവിയും തങ്ങളുടെ സ്വാകാര്യവും വ്യക്തിപരവുമായ താല്‍പ്പര്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടെന്ന് തോന്നുന്ന ഘട്ടത്തില്‍ സ്വകാര്യ താല്‍പ്പര്യം വെടിഞ്ഞ് അംഗങ്ങള്‍ പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള കടമ നിറവേറ്റണം.
2.പാര്‍ലമെന്റിനോ അംഗങ്ങള്‍ക്കോ അവമതിപ്പുണ്ടാക്കുന്ന യാതൊന്നും അംഗങ്ങള്‍ ചെയ്യരുത്.