ഹൈദരാബാദ്: ടൂൾകിറ്റ് കേസിൽ പങ്കുണ്ടെന്നാരോപിച്ച് ബെംഗളൂരുവിൽ നിന്നുള്ള 21കാരിയായ കാലാവസ്ഥാ പ്രവർത്തക ദിഷ രവി ഞായറാഴ്ച അറസ്റ്റിലായി. ദിഷ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. “ടൂൾകിറ്റ് ഗൂഗിൾ ഡോക്” എഡിറ്ററാണ് ദിഷാ രവി എന്നും രേഖ തയ്യാറാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഗൂഡാലോചന നടത്തിയെന്നും ഡൽഹി പൊലീസ് പറയുന്നു. "ടൂൾകിറ്റ്" സൃഷ്ടിച്ച "ഖാലിസ്ഥാൻ അനുകൂല" സ്രഷ്ടാക്കൾ "ഇന്ത്യൻ സർക്കാരിനെതിരെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായി യുദ്ധം നടത്തിയെന്ന് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ക്രിമിനൽ ഗൂഡാലോചന, രാജ്യദ്രോഹം, ഇന്ത്യൻ പീനൽ കോഡിലെ മറ്റ് വകുപ്പുകൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഒളിവിൽ കഴിയുന്ന അഭിഭാഷക നികിത ജേക്കബ്, എഞ്ചിനീയർ ശാന്തനു മുലുക് എന്നിവർക്കെതിരെയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വിവാദത്തിന്‍റെ കേന്ദ്രമായ ടൂൾകിറ്റ് എന്താണ്?
ടൂൾകിറ്റ് എന്നാൽ ഒരു ലഘുലേഖയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ ഡോക്യുമെന്‍റാണിത്. അത് എന്തെങ്കിലും ഒരു പ്രശ്നത്തെയോ കാരണത്തെയോ വിശദീകരിക്കുന്നതിനായി സൃഷ്ടിച്ചതാണ്. ഒരു പ്രത്യേക വിഷയത്തിൽ ക്യാമ്പയിൻ നടത്താൻ ഉപയോഗിക്കാവുന്ന ഒരു ഓപ്ഷൻ. ക്യാമ്പയിന്‍റെ പ്രവർത്തന പദ്ധതിയും ഇതിൽ ഉൾപ്പെടുത്താം.
പ്രാധാന്യമുള്ള ഒരു വിഷയത്തെക്കുറിച്ച് പ്രായോഗിക ഉപദേശവും മാർഗനിർദ്ദേശവും നൽകുന്നതിനാണ് ടൂൾകിറ്റുകൾ ഉപയോഗിക്കുന്നത്. ഒരു പ്രശ്‌നം പരിഹരിക്കാനും മനസിലാക്കാനും ഒരാൾ എന്തുചെയ്യണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഒരു ടൂൾകിറ്റിന് നൽകാൻ കഴിയും. അടിസ്ഥാന പ്രശ്‌നങ്ങൾ, നിവേദനങ്ങൾ, പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ, ചുറ്റുമുള്ള ജനകീയ മുന്നേറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ടൂൾ കിറ്റിൽ ഉൾപ്പെട്ടേക്കാം.
ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തിന്‍റെ സ്ഥിതിഗതികൾ മനസിലാക്കുന്നതിനും സ്വന്തമായി വിശകലനം ചെയ്യാനും കർഷകരെ എങ്ങനെ പിന്തുണയ്ക്കാമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നതിനും വേണ്ടിയുള്ള ഒരു രേഖയാണിത് എന്നായിരുന്നു ഗ്രെറ്റ തെൻബെർഗ് പങ്കിട്ട ടൂൾകിറ്റിൽ പരാമർശിച്ചിരുന്നത്.
കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ടൂൾകിറ്റ് “ഇന്ത്യയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുക” എന്ന ലക്ഷ്യത്തോടെ പങ്കുവെച്ചതായും ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുമായി സഹകരിച്ചതായും ഡൽഹി പൊലീസ് അധികൃതർ പറയുന്നു. കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് തെൻബെർഗും മറ്റുള്ളവരും ട്വിറ്ററിൽ പങ്കിട്ട "ടൂൾകിറ്റ്" സ്രഷ്ടാക്കളുമായി ബന്ധപ്പെട്ട ഇ-മെയിൽ ഐഡി, യുആർഎലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഡൽഹി പൊലീസ് നേരത്തെ ഗൂഗിളിനോടും മറ്റ് സോഷ്യൽ മീഡിയ ഭീമന്മാരോടും ആവശ്യപ്പെട്ടിരുന്നു.