ന്യൂഡല്‍ഹി :വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ സൂചന. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിയുടെ സഖ്യം അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. മേഘാലയയില്‍ തൂക്ക് നിയമസഭയാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ മേഘാലയയില്‍ ബിജെപി നിലവിലെ രണ്ട് സീറ്റില്‍ നിന്ന് ഏഴ് സീറ്റുകള്‍വരെ നേടുമെന്നാണ് സൂചിപ്പിക്കുന്നത്.
മൂന്ന് സംസ്ഥാനങ്ങളിലും ആകെ നിയമസഭ സീറ്റുകള്‍ അറുപത് വീതമാണ്. അതുകൊണ്ട് തന്നെ മുപ്പത്തി ഒന്ന് സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഉള്‍പ്പെട്ട സഖ്യങ്ങളാണ് ഭരണത്തില്‍ ഉള്ളത്. ത്രിപുരയില്‍ മാത്രമാണ് ബിജെപി തങ്ങളുടെ സഖ്യത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയായിരിക്കുന്നത്. നാഗാലാന്‍ഡിലും മേഘാലയയിലും ബിജെപി, സഖ്യത്തിലെ ജൂനിയര്‍ കക്ഷിയാണ്.
ത്രിപുരയിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍:ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് ത്രിപുരയില്‍ ബിജെപി 36 മുതല്‍ 45 സീറ്റുകള്‍ നേടുമെന്നാണ്. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സഖ്യം 6-11, തിപ്രമോത-9-16 സീറ്റുകള്‍. ത്രിപുരയില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ ഭാഗമായ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ല എന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
സീന്യൂസ്- മെട്രിസ് ത്രിപുര എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി സഖ്യത്തിന് 29-36 സീറ്റുകള്‍ വരെ ലഭിക്കും, സിപിഎം സഖ്യത്തിന് 13-21 സീറ്റുകള്‍, തിപ്രമോത 11-16 സീറ്റുകള്‍.
ടൈംസ് നൗ- ഇടിജി ത്രിപുര എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി സഖ്യത്തിന് ലഭിക്കുക 21 മുതല്‍ 27 സീറ്റുകളാണ്, സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 18-24 സീറ്റുകള്‍, തിപ്രമോത 11-16 സീറ്റുകള്‍.