ന്യൂഡൽഹി :കർണാടകയിലെ പരാജയശേഷം തെരഞ്ഞെടുപ്പ് വിജയങ്ങള്‍ സാധ്യതകൾക്ക് വിട്ടുകൊടുക്കാതെ ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയം കൈവള്ളയിൽ ഒതുക്കാൻ പദ്ധതികൾ മെനയുകയാണ് പാർട്ടി നേതൃത്വം. ഇതിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ, ബി എൽ സന്തോഷ് എന്നിവർ ഇന്നലെ അഞ്ച് മണിക്കൂർ നീണ്ട യോഗം ചേര്‍ന്നതിന്‍റെ വിവരങ്ങൾ പുറത്തുവിടുകയാണ് ഇടിവി ഭാരത് റിപ്പോർട്ടർ അനാമിക രത്‌ന.
മൈക്രോ മാനേജ്‌മെന്‍റ് പദ്ധതി : തെരഞ്ഞെടുപ്പുകള്‍ മുന്നിൽ കണ്ട് ഓരോ മേഖലകളിലും മൈക്രോ മാനേജ്‌മെന്‍റ് പദ്ധതിയാണ് പാർട്ടി ആവിഷ്‌കരിച്ചിട്ടുള്ളത്. ഓരോ പ്രദേശത്തിനും ആവശ്യമായ രീതിയിൽ പ്രത്യേകം പദ്ധതികൾ വികസിപ്പിക്കുകയെന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇതിനായി രാജ്യം മുഴുവൻ വടക്കൻ മേഖല, ദക്ഷിണ മേഖല, കിഴക്കൻ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും ഫലപ്രദമാക്കാനും വേണ്ടിയാണ് രാജ്യത്തെ ഇത്തരത്തിൽ വിഭജിച്ചിട്ടുള്ളത്. ഓരോ മേഖലകളിലും പദ്ധതികൾ നടപ്പിലാക്കാനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ജെ പി നദ്ദയും അമിത്ഷായും ഓരോ പ്രദേശത്തുനിന്നുമുള്ള പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്‌ചകൾ നടത്തും.
നിർദേശകനായി പ്രധാനമന്ത്രി : സമൂഹത്തിൽ പാർശ്വവത്‌കരിക്കപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിന് മുൻഗണന നൽകാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ഓരോ മണ്ഡലങ്ങളിലും ഇത്തരക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള വഴികൾ കണ്ടെത്താനും അത്തരം പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിലായാണ് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുള്ള സമ്മേളനങ്ങൾ നടക്കുക.