ബെംഗളുരു: സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതിന് ശേഷം മാത്രം ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ചികിത്സ ആരംഭിച്ചാല്‍ മതിയെന്ന് ഉപ മുഖ്യമന്ത്രിയും സംസ്ഥാനത്തെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ അശ്വത്നാരായൺ. സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
സംസ്ഥാനത്തെ ആറ് ഡിവിഷണൽ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് നിലവില്‍ ചികിത്സ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്ക് ആവശ്യമായ മരുന്ന് സര്‍ക്കാര്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ചില പ്രാദേശിക കമ്പനികള്‍ മരുന്ന് നിർമ്മിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്നും നിർമ്മാണം ആരംഭിച്ചു കഴിഞ്ഞാൽ മരുന്നിന്‍റെ കുറവുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more: ആവശ്യമെങ്കിൽ ബ്ലാക്ക് ഫംഗസ് രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമെന്ന് കെജ്‌രിവാൾ
മൈസൂരുവിലെ 149 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആര്‍എടി / ആര്‍ടി-പിസിആര്‍ പരിശോധനകൾ വർധിപ്പിക്കും. പോസിറ്റീവ് കേസുകളുടെ നിരക്ക് കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. കാലതാമസം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് ലോജിസ്റ്റിക്‌സ് ആൻഡ് വെയർഹൗസിംഗ് സൊസൈറ്റി വഴിയാണ് മരുന്നുകള്‍ ശേഖരിക്കുന്നത്. 40 ലക്ഷത്തോളം പേർക്ക് ചികിത്സ നൽകാൻ ആവശ്യമായ മരുന്നുകൾ വാങ്ങാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ലാബുകളില്‍ പ്രതിദിനം ഒരു ലക്ഷവും സ്വകാര്യ ആശുപത്രികളില്‍ പ്രതിദിനം 75,000 ആർടി-പിസിആർ പരിശോധനകളും നടത്തുന്നുണ്ട്. ഇതിന് പുറമേ അര ലക്ഷം ആര്‍എടി പരിശോധനകളും ദിവസേന നടത്തുന്നുണ്ട്. 30 ലക്ഷം റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് (ആര്‍എടി) കിറ്റുകൾ സർക്കാർ ഇതിനകം വാങ്ങിയിട്ടുണ്ടെന്നും ആര്‍എടി, ആർടി-പിസിആർ കിറ്റുകൾ വാങ്ങുന്നതിനായി ടെൻഡറുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Also read: കൊവിഡിനെതിരായ പോരാട്ടത്തില്‍ പ്രാദേശിക അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി
കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് 25,000 ഓക്‌സിജൻ കിടക്കകളും 3,000 വെന്‍റിലേറ്ററുകളും വര്‍ധിപ്പിച്ചു. മഹാരാഷ്ട്രക്ക് ശേഷം ഏറ്റവും കൂടുതൽ റെംഡെസിവറിന്‍റെ ശേഖരമുള്ളത് കര്‍ണാടകയ്ക്കാണ്. സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും വാക്‌സിനേഷന്‍റെ ആദ്യ ഡോസെങ്കിലും ഡിസംബറോടെ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.