ലഖ്‌നൗ: ബുക്‌സറിലെ ആവർത്തിച്ചുള്ള ആംബുലൻസ് ഉദ്‌ഘാടനത്തെ കുറിച്ച് തുടര്‍ച്ചയായി വാർത്ത റിപ്പോർട്ട് ചെയ്‌ത ഇടിവി ഭാരത് റിപ്പോർട്ടർക്കെതിരെ കേസ്. ബിജെപി നേതാവ് പരശുറാം ചതുർവേദിയാണ് റിപ്പോർട്ടർ ഉമേഷ് പാണ്ഡെക്കെതിരെ സർദാർ പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. ഐപിസി സെക്ഷൻ 500, 506, 290, 420, 34 എന്നിവ പ്രകാരമാണ് പാണ്ഡെക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തി, കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബെയെ അപകീർത്തിപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉമേഷ് പാണ്ഡെക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
പുതിയ സ്‌റ്റിക്കറുകൾ ഒട്ടിച്ച് പഴയ അഞ്ച് ആംബുലൻസുകൾ മെയ് 15 ന് അശ്വിനി ചൗബെ ഉദ്‌ഘാടനം ചെയ്യുമെന്ന് ഉമേഷ് വാർത്ത നല്‍കിയിരുന്നു. ആംബുലൻസുകൾ കമ്മിഷൻ ചെയ്‌തതിനുശേഷം നാലാം തവണയായിരുന്നു ഉദ്‌ഘാടനം. ഇതേക്കുറിച്ച് അന്വേഷിക്കാൻ റിപ്പോർട്ടർ പല തവണ മന്ത്രിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ കോളുകൾക്ക് മറുപടിയൊന്നും ലഭിച്ചിരുന്നില്ല.
രജിസ്‌റ്റർ ചെയ്യാത്ത വാഹനങ്ങൾ
ആംബുലൻസുകൾ സംസ്ഥാനത്തെ റോഡ് ഗതാഗത അതോറിറ്റിയിൽ പോലും രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് ഇടിവി ഭാരത് വെളിപ്പെടുത്തി. 2020 ഓഗസ്‌റ്റിൽ ബിഎസ്-4 മോഡൽ വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യുന്നത് നിരോധിച്ച സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് രജിസ്‌റ്റർ ചെയ്യാതിരുന്നതെന്ന് ബുക്‌സർ ഡിസ്‌ട്രിക്‌ട് ട്രാൻസ്‌പോർട്ട് ഓഫീസർ മനോജ് രാജക് അറിയിച്ചു. രജിസ്‌റ്റർ ചെയ്യാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ അത് പ്രവർത്തിപ്പിച്ച ഓർഗനൈസേഷന്‍റെ പ്രൊമോട്ടർമാർക്കെതിരെയാകും കേസ് ഉണ്ടാകുക. ഇത്തരം വാഹനങ്ങൾ ഓടുന്നത് കണ്ടാൽ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെ കുറിച്ച് ഗതാഗത വകുപ്പ് ആരോഗ്യ വകുപ്പുമായി ചർച്ച നടത്തിവരികയാണെന്ന് അദ്ദേഹം പിന്നീട് അറിയിച്ചു.