ചെന്നൈ :ഈറോഡ് ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ രണ്ടില ചിഹ്നത്തിൽ തന്‍റെ വിഭാഗം മത്സരിക്കുമെന്ന് ഒ പനീർശെൽവം. പാര്‍ട്ടി കോ ഓര്‍ഡിനേറ്ററായതിനാല്‍ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ രണ്ടില ചിഹ്നത്തില്‍ തനിക്കും പൂര്‍ണ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എടപ്പാടി പളനി സാമിയുടെയും ഒ പനീർശെൽവത്തിന്‍റെയും നേതൃത്വത്തില്‍ പാര്‍ട്ടി രണ്ട് ചേരിയായ സാഹചര്യത്തിലാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് വേണ്ടി ഞങ്ങൾ സ്ഥാനാർഥിയെ നിർത്താൻ പോകുന്നു. വരുന്ന 2026 വരെ ഞാൻ പാര്‍ട്ടിയുടെ കോ-ഓർഡിനേറ്ററാണ്. തെരഞ്ഞെടുപ്പ് കമ്മിഷനിലെ രേഖകളിൽ അക്കാര്യം വ്യക്തമാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഞങ്ങള്‍ സഖ്യ കക്ഷികളുടെ പിന്തുണ തേടുന്നുണ്ട്. അവരുമായി ഞങ്ങള്‍ ചര്‍ച്ചകളും നടത്തുന്നുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി ആഗ്രഹം പ്രകടിപ്പിച്ചാല്‍ പാര്‍ട്ടി അവരെ പിന്തുണയ്‌ക്കുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.
ഫെബ്രുവരി 27നാണ് ഈറോഡ് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. നിലവില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റാണ് ഈറോഡ് ഈസ്റ്റ്. സിറ്റിങ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഇ തിരുമഹന്‍ എവേര മരിച്ചതിന് പിന്നാലെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
തമിഴ് മനില കോണ്‍ഗ്രസ് (ടി എം സി) നേതാവും മുന്‍ യുപിഎ സര്‍ക്കാരിലെ കേന്ദ്രമന്ത്രിയുമായിരുന്ന ജി കെ വാസനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സീറ്റ് സ്വന്തമാക്കിയത്. ഡിഎംകെ നയിക്കുന്ന മുന്നണിയുടെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാരെന്നുള്ളതില്‍ അന്തിമ തീരുമാനമായിട്ടില്ല.