ഹൈദരാബാദ് : തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ട കാലയളവില്‍ കര്‍ഷകര്‍ക്ക് ഋതു ബന്ധു പദ്ധതി പ്രകാരമുളള ധനസഹായം വിതരണം ചെയ്യുന്നതിന് നല്‍കിയ അനുമതി പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രി പരസ്യപ്രസ്‌താവന നടത്തിയതിന് പിന്നാലെ അദ്ദേഹം മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി പിന്‍വലിച്ചത്. ഋതുബന്ധു പദ്ധതിക്ക് കീഴിലുളള വിഹിതത്തെ കുറിച്ച് തെലങ്കാനയിലെ ധനമന്ത്രിയും ബിആര്‍എസ് സ്ഥാനാര്‍ഥിയുമായ ടി ഹരീഷ് റാവുവാണ് പരസ്യപ്രസ്‌താവന നടത്തിയത് (Election Commission revokes permission to release Rythu Bandhu aid in Telangana).
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച പരാമര്‍ശമാണ് മന്ത്രി നടത്തിയതെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ലെവല്‍ പ്ലേ ഫീല്‍ഡിനെ ഇത് തടസപ്പെടുത്തിയെന്നും കമ്മിഷന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇലക്ഷന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. തെലങ്കാനയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുളള പരാമര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും പൂര്‍ണമായും അവസാനിപ്പിക്കുന്നത് വരെ ഋതു ബന്ധു സ്‌കീമിന് കീഴിലുളള പണം വിതരണം ചെയ്യാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി പിന്‍വലിച്ചതോടെ തെലങ്കാനയില്‍ 70 ലക്ഷം കര്‍ഷകര്‍ക്ക് ഋതു ബന്ധുവിന്‍റെ സഹായം ഇല്ലാതെയാകും. 2018ലാണ് ഋതു ബന്ധു പദ്ധതി തെലങ്കാനയില്‍ നിലവില്‍ വന്നത്. കാര്‍ഷിക ഉത്‌പാദനം വര്‍ധിപ്പിക്കാന്‍ പ്രാപ്‌തമാക്കുന്നതിന് കര്‍ഷകര്‍ക്ക് ഒരുവിള സീസണില്‍ ഏക്കറിന് 5,000 രൂപ ക്യാഷ് ഗ്രാന്‍റായി നല്‍കുന്നതാണ് പദ്ധതി.