ന്യൂഡൽഹി : കോണ്‍ഗ്രസിന് അടിതെറ്റിയ അഞ്ച് മണ്ഡലങ്ങളിലും പ്രചാരണം നയിച്ചത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായിരുന്നു. എന്നാൽ തോൽവിയുടെ ആക്കം കൂട്ടി എന്നതല്ലാതെ ഇരുവരുടേയും പ്രചാരണത്തിലൂടെ കോണ്‍ഗ്രസിന് നേട്ടമൊന്നുമുണ്ടായില്ല. ഇത് കോണ്‍ഗ്രസിന്‍റെ മാത്രമല്ല രാഹുലും, പ്രിയങ്കയും ഉൾപ്പെട്ട നേതൃത്വത്തിന്‍റെ തന്നെ തോൽവിയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഇൻ-ചാർജുമായിരുന്ന പ്രിയങ്ക ഗാന്ധി 209 ഓളം തെരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലുമാണ് പങ്കെടുത്തത്. യുപിയിൽ ഏറ്റവുമധികം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തതും പ്രിയങ്ക തന്നെയാണ്. 203 തെരഞ്ഞെടുപ്പ് പരിപാടികളിൽ സംസാരിച്ച യോഗി ആദിത്യനാഥാണ് പ്രിയങ്കയ്ക്ക് തൊട്ടുപിന്നിൽ.
പാഴായ പ്രചാരണം
ഉത്തർപ്രദേശിനെക്കൂടാതെ തെരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങളിലും പ്രിയങ്ക വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു. പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് രാഹുൽഗാന്ധി പ്രധാനമായും പ്രചാരണത്തിലേർപ്പെട്ടത്. സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് പ്രചാരണത്തിലുടനീളം പ്രിയങ്ക ഗാന്ധി ഉയർത്തിക്കാട്ടിയത്. പ്രിയങ്കയുടെ പ്രചാരണ പരിപാടികളിൽ വലിയ രീതിയിലുള്ള ജനക്കൂട്ടമാണ് എത്തിയിരുന്നത്. എന്നാൽ അത് വോട്ടാക്കി മാറ്റുന്നതിൽ പാര്‍ട്ടി പരാജയപ്പെട്ടു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വരുന്ന കൂറ്റൻ തോൽവികൾ പാർട്ടിക്കുള്ളിൽ പോലും രാഹുലിന്‍റെയും പ്രിയങ്കയുടേയും വിശ്വാസ്യത നഷ്‌ടപ്പെടുകയാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു. ഇത് കോണ്‍ഗ്രസിൽ കൂടുതൽ പടലപ്പിണക്കങ്ങൾ വരും കാലങ്ങളിൽ ഉണ്ടാക്കുമെന്നും നിരീക്ഷണങ്ങളുണ്ട്.
കോണ്‍ഗ്രസിനേറ്റ തിരിച്ചടി
പരാജയത്തെ 'വലിയ തിരിച്ചടി'എന്നായിരുന്നു കോണ്‍ഗ്രസ് ചരിത്രകാരനായ റഷീദ് കിദ്വായ് അഭിപ്രായപ്പെട്ടത്. 'ഒരു ദളിത് മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി പഞ്ചാബിൽ കോണ്‍ഗ്രസ് വൻ ചൂതാട്ടം നടത്തി.പക്ഷേ അത് ഒരു ബൂമറാങ് പോലെ തിരിച്ചടിച്ചു' - കിദ്വായ് പറഞ്ഞു.
ജനങ്ങൾക്ക് ഗാന്ധി കുടുംബത്തിലുള്ള വിശ്വാസം നഷ്‌ടപ്പെടുന്നു. സംഘടനാപരമായ നവീകരണം ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുടെ സംഘത്തിന് മാത്രമല്ല കോൺഗ്രസ് പ്രവർത്തകർക്ക് പോലും അവരിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്, കിദ്വായ് കൂട്ടിച്ചേർത്തു.
ബ്രാന്‍റ് വാല്യു നഷ്‌ടപ്പെട്ട സഹോദരങ്ങൾ
നിലവിൽ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുന്ന പാർട്ടി കോണ്‍ഗ്രസ് ആണെന്നായിരുന്നു ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി പ്രൊഫസറും രാഷ്ട്രീയ നിരൂപകനുമായ മഹേന്ദ്ര നാഥ താക്കൂർ അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ ഗാന്ധി സഹോദരങ്ങളുടെ 'ബ്രാൻഡ് വാല്യു' കുറച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിയിൽ പ്രിയങ്ക ഗാന്ധി കഠിനാധ്വാനം ചെയ്‌തു എന്നതിൽ സംശയമില്ല. താഴേക്കിടയിൽ ശക്‌തമായ പ്രവർത്തനം കാഴ്‌ചവയ്‌ക്കാൻ അവർക്കായി. സ്‌ത്രീകളുടെ പ്രശ്‌നങ്ങളും സമൂഹത്തിന് മുന്നിൽ ഉന്നയിക്കാൻ അവർക്കായി. രാഷ്‌ട്രീയത്തിൽ മാന്ത്രികത എന്നൊന്നില്ല. എല്ലാം സാധ്യമാകുന്നവയാണ്. എന്നാൽ അവ സാധിച്ചെടുക്കാൻ ഗാന്ധി കുടുംബത്തിനാകുന്നില്ല - താക്കൂർ പറഞ്ഞു.
ALSO READ:ഒരിടത്തും കൈ ഉയര്‍ത്താനാവാതെ കോണ്‍ഗ്രസ്: നാലിടത്ത് തരംഗമായി ബി.ജെ.പി; അട്ടിമറിച്ച് ആം ആദ്മി
രാഷ്‌ട്രീയം ഒരിക്കലും വ്യക്‌തിപരമല്ല. അത് ഒരു കൂട്ടായ പ്രവർത്തനമാണെന്ന് ഗാന്ധി കുടുംബം തിരിച്ചറിയണം. ഇന്ന് പാർട്ടിക്കുള്ളിൽ സംഘടിത ശക്‌തികൾ ഇല്ലാതായിരിക്കുന്നു. തെരഞ്ഞെടുപ്പിലെ ഓരോ തോൽവിയിലും പാർട്ടിക്കുള്ളിലെ വിമത ശബ്‌ദങ്ങൾ ശക്‌തമാകും - താക്കൂർ വ്യക്‌തമാക്കി.
ഈ രണ്ട് പേർക്ക് മാത്രമേ ജനങ്ങളെ അണിനിരത്താൻ കഴിയൂ എന്ന് കരുതിയെങ്കിൽ അവർ അതിൽ പരാജയപ്പെടും. രണ്ട് പേർക്ക് മാത്രമായി ഭൂമിയിലെ എല്ലാ ശക്‌തികളുമായും ബന്ധപ്പെടാൻ കഴിയില്ല. ഒത്തൊരുമിച്ച് നിന്നാൽ മാത്രമേ വിജയം പിടിച്ചെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും മനസിലാക്കണം - മഹേന്ദ്ര നാഥ താക്കൂർ കൂട്ടിച്ചേർത്തു.
അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പൂർത്തിയാപ്പോൾ കോണ്‍ഗ്രസ് ചിത്രത്തിൽ പോലും ഇല്ലാത്ത അവസ്ഥയിലായി. പഞ്ചാബിൽ തകർന്നടിഞ്ഞ കോണ്‍ഗ്രസ് മറ്റ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ ദയനീയ പരാജയമാണ് കാഴ്‌ചവച്ചത്.