മുംബൈ: തെരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വീണ്ടും നേര്‍ക്കുനേര്‍. ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പിനും വില്ലിനും അവകാശവാദം ഉന്നയിച്ച് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നും ലോക്‌സഭ സ്‌പീക്കർ ഓം ബിര്‍ളയും മഹാരാഷ്‌ട്ര നിയമസഭ സ്‌പീക്കര്‍ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ സഭാകക്ഷി നേതാക്കളെ അംഗീകരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തില്‍ പറയുന്നു.
യഥാര്‍ഥ ശിവസേനയെ ചൊല്ലി അവകാശവാദം: ജൂണില്‍ ഏക്‌നാഥ് ഷിന്‍ഡെയുടേയും 40 എംഎല്‍എമാരുടേയും വിമത നീക്കത്തിന് പിന്നാലെയാണ് മഹാവികാസ് അഖാഡി സര്‍ക്കാർ വീഴുന്നത്. രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജൂണ്‍ 30ന് ബിജെപി പിന്തുണയോടെ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സർക്കാർ അധികാരത്തിലേറുകയും ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്‌ച(19.07.2022) ശിവസേന നേതാക്കളായ രാഹുല്‍ ഷെവാലെയെ ലോക്‌സഭയുടെ സഭാകക്ഷി നേതാവായും ഭാവ്‌ന ഗൗളിയെ ചീഫ് വിപ്പായും പ്രഖ്യാപിച്ചു.