പനാജി:ബാലാസാഹേബ് താക്കറെയുടെ ശിവസൈനികന്‍ മുഖ്യമന്ത്രിയായതിൽ തന്‍റെ സഹപ്രവർത്തകർ മാത്രമല്ല, മഹാരാഷ്‌ട്ര തന്നെ സന്തുഷ്‌ടരെന്ന് ഏക്‌നാഥ് ഷിൻഡെ. തന്നിൽ വിശ്വാസമർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. വ്യാഴാഴ്‌ച വൈകിട്ട് 7.30 നാണ് ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
''50 എം.എൽ.എമാർ പിന്തുണച്ചതുകൊണ്ട് മഹാരാഷ്‌ട്രയ്ക്ക് ഇങ്ങനെയാരു ദിനം കാണാൻ കഴിഞ്ഞു. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രവൃത്തികൾ തന്‍റെ സർക്കാർ ചെയ്യും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കും. ബാലാസാഹെബ് താക്കറെയുടെ കാഴ്‌ചപ്പാടുമായി മുന്നോട്ട് പോകും.'' ഗോവ വിമാനത്താവളത്തിൽ വച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുംബൈയിൽ നടന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം സഹപ്രവർത്തകര്‍ ക്യാമ്പ് ചെയ്യുന്ന ഗോവയിലെ റിസോര്‍ട്ടിലേക്ക് ഷിൻഡെ അർധരാത്രിയോടെയാണ് മടങ്ങിയത്. മന്ത്രിസഭയുടെ രൂപീകരണം സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, സഹപ്രവർത്തകരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശേഷം, ഗോവയില്‍ ക്യാമ്പ് ചെയ്യുന്ന ഡോണ പോള റിസോർട്ടിൽ വച്ചും ഏക്‌നാഥ് ഷിന്‍ഡെ മാധ്യമങ്ങളുമായി സംവദിച്ചു.
'ഫഡ്‌നാവിസിന്‍റേത് വിശാല മനസ്':തന്നിൽ വിശ്വാസമർപ്പിച്ചതിന് മോദിക്കും ഷായ്ക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും അദ്ദേഹം നന്ദി പറഞ്ഞു. തനിക്ക് മുഖ്യമന്ത്രിയാകാൻ അവസരം നൽകിയതിലൂടെ ഫഡ്‌നാവിസിന്‍റെ വിശാല മനസാണ് വ്യക്തമായത്. തന്നെ പിന്തുണച്ച 50 എം.എൽ.എമാരുടെയും മണ്ഡലങ്ങളിൽ വിപുലമായ വികസന പ്രവർത്തനങ്ങൾ ഉറപ്പാക്കും. ഒപ്പമുള്ള നിയമസഭാംഗങ്ങളുടെ കഴിഞ്ഞ രണ്ടര വർഷക്കാലത്തെ പ്രവര്‍ത്തനപരിചയം സംബന്ധിച്ച് തനിക്ക് നല്ല ബോധ്യമുണ്ട്.
175 എം.എൽ.എമാരുടെ പിന്തുണയാണുള്ളത്. എന്നിട്ടും നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് വെറും ഔപചാരികതയ്‌ക്ക് മാത്രമാണെന്നും ഷിന്‍ഡെ പറഞ്ഞു. താക്കറെ കുടുംബത്തിന്‍റെ വസതിയായ മാതോശ്രീയിലേക്ക് എപ്പോൾ പോകുമെന്ന ചോദ്യത്തിന്, ശരിയായ സമയത്ത് അത് സംഭവിക്കുമെന്ന് മറുപടി നല്‍കി. പിന്തുണക്കുന്ന എം.എൽ.എമാർക്കൊപ്പം ഷിൻഡെ ബുധനാഴ്‌ച രാത്രിയാണ് അസമിലെ ഗുവാഹത്തിയില്‍ നിന്നും ഗോവയിലെത്തിയത്.
അവിടെ നിന്നും വ്യാഴാഴ്‌ച ഉച്ചയോടെ അദ്ദേഹം മുംബൈയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന്, വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി മഹാരാഷ്‌ട്ര അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്‌നാവിസ്, ഷിന്‍ഡെ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് വൈകിട്ട് 7.30 ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.
ALSO READ|ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു: ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി