മുംബൈ:മഹാരാഷ്‌ട്ര സര്‍ക്കാരിനെതിരായ വിമത നീക്കത്തിന് നേതൃത്വം നല്‍കിയതോടെയാണ് ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ വാര്‍ത്തകളില്‍ നിറഞ്ഞത്. റിക്ഷ ഡ്രൈവർ മുതൽ നിയമസഭയിലെ ശിവസേന പാര്‍ട്ടി നേതൃപദവിയും നഗരവികസന മന്ത്രിയുമൊക്കെയായി തിളങ്ങിയ ഷിൻഡെയുടെ രാഷ്‌ട്രീയ ജൈത്രയാത്ര ആരെയും അമ്പരപ്പിക്കുന്നതാണ്. ശിവസേന നേതാവ് ആനന്ദ് ദിഗെയുടെ ആകസ്‌മിക മരണത്തെ തുടർന്ന് താനെ എന്ന ജില്ലയിൽ നിന്നുമാണ് ഈ നേതാവ് ഉയര്‍ന്നുവന്നത്.
ദിഗെയുടെ വിയോഗത്തിന് പിന്നാലെ താനെയില്‍ ശിവസേനയുടെ ശക്തി ദുര്‍ബലമായി. ജില്ല നേതാവെന്ന നിലയിൽ അദ്ദേഹം പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്‌തു. ഇക്കാരണത്താൽ, 2017ൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പില്‍ ശിവസേന ആദ്യമായി അധികാരത്തിലെത്തി. കൂടാതെ, ഷിൻഡെയുടെ നേതൃത്വത്തിൽ കല്യാൺ-ഡോംബിവാലി, ഉല്ലാസ്‌നഗർ, ഭിവണ്ടി, അംബർനാഥ്, ബദ്‌ലാപൂർ എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളില്‍ അധികാരം പിടിച്ചെടുത്തു.
സ്വാധീനിച്ചത് താക്കറെയും ദിഗെയും:ശിവസേന തലവൻ ബാല്‍ താക്കറെ, പാര്‍ട്ടി താനെ ജില്ല തലവൻ ആനന്ദ് ദിഗെ എന്നിവരുടെ നിലപാടുകളും പ്രവര്‍ത്തനവും കണ്ടാണ് ഷിന്‍ഡെ 1980ല്‍ തീവ്രഹിന്ദുത്വ പാര്‍ട്ടിയിലെത്തിയത്. ആദ്യകാലങ്ങളിൽ ഉപജീവനത്തിനായി റിക്ഷ ഓടിച്ചു. 1984 ൽ ശിവസേനയുടെ കിസാൻനഗർ ബ്രാഞ്ച് നേതൃപദവിയിലെത്തി. അതിർത്തി സംബന്ധിച്ചുണ്ടായ പ്രക്ഷോഭത്തിനിടെ ജയില്‍വാസമനുഭവിച്ചു.
1997ൽ താനെ മുനിസിപ്പൽ കോർപ്പറേഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2001ൽ കോര്‍പ്പറേഷന്‍ മേയറായി. മൂന്ന് വർഷം തുടർച്ചയായി ആ പദവിയിലിരുന്നു. 2004ൽ താനെ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള ആദ്യ ശിവസേന എം.എൽ.എയായി. 2005ൽ പാര്‍ട്ടിയുടെ താനെ ജില്ല തലവനായി ശിവസേന അദ്ദേഹത്തെ നിയമിച്ചു.
2009ല്‍ മണ്ഡലങ്ങളുടെ പുനസംഘടനയെ തുടർന്ന് കൊപാരി - പഞ്ച്പഖാഡി മണ്ഡലത്തിൽ നിന്ന് വീണ്ടും എം.എൽ.എയായി. 2014ൽ നിയമസഭയിലേക്ക് ഹാട്രിക് വിജയം. തുടര്‍ന്ന്, പ്രതിപക്ഷ നേതാവായി. 2014ല്‍ ഡിസംബറിൽ കാബിനറ്റ് മന്ത്രിയായി. തുടര്‍ന്ന്, മഹാരാഷ്‌ട്ര സംസ്ഥാന റോഡ് വികസന കോർപ്പറേഷൻ മന്ത്രിയായി. 2019 ജനുവരിയിൽ ആരോഗ്യമന്ത്രി സ്ഥാനവും ഷിന്‍ഡെയെ തേടിയെത്തി.
ഷിന്‍ഡെയുമായുള്ള ഓര്‍മ പങ്കിട്ട് സുഹൃത്തുക്കള്‍:''ഞങ്ങൾ ഇന്നലെ ഒരുമിച്ചായിരുന്നു, ഇന്നും ഒരുമിച്ചാണ്. ഭാവിയിലും അങ്ങനെത്തന്നെ ആയിരിക്കും.'' താനെയിലെ ഏക്‌നാഥ് ഷിൻഡെയുടെ സുഹൃത്തുക്കള്‍ പറയുന്നു. 1990 ഷിൻഡെയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായ സമയമായിരുന്നു. കുടുംബ ജീവിതം മുന്നോട്ടുനയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മുന്‍പിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി.
'' അദ്ദേഹത്തിന് ഇന്ന് ഭംഗിയായി നിര്‍വഹിക്കാന്‍ ചില ഉത്തരവാദിത്വങ്ങളുണ്ട്. അത് ഭാവിയെക്കൂടി നിര്‍ണയിക്കുന്നതാണ്''. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ പ്രധാനപ്പെട്ട നേതൃസ്ഥാനം വഹിക്കുമ്പോഴും സുഹൃത്തുക്കളുടെ പ്രതിസന്ധി പരിഹരിക്കാന്‍ അദ്ദേഹം എത്താറുണ്ടായിരുന്നു. 'ഏക്‌നാഥ് ഷിൻഡേ സിന്ദാബാദ്' എന്ന മുദ്രാവാക്യം വാഗ്‌ലെ സ്റ്റേറ്റ് ട്രക്ക് ലോറി അസോസിയേഷൻ ഓഫിസിന് പുറത്ത് ഇപ്പോഴും മുഖരിതമാണ്. സുഹൃത്തുക്കള്‍ക്കുവേണ്ടി നന്നായി ഇടപെടുന്ന ആളെന്ന നിലയില്‍ ഷിന്‍ഡെയുമായുള്ള സൗഹൃദം അഭിമാനത്തോടെയാണ് ഇവര്‍ ഓര്‍ക്കുന്നത്.