ന്യൂഡൽഹി: കേരളത്തിൽ ബലിപെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്. ഈ തീരുമാനം ആരോഗ്യ സംവിധാനത്തിന് വലിയ വെല്ലുവിളിയാകുമെന്ന് വിഎച്ച്പി വർക്കിങ് പ്രസിഡന്‍റ് അലോക് കുമാർ. കൊവിഡ് മൂന്നാം തരംഗ സാധ്യത മുന്നിൽക്കണ്ട് ഉത്തർപ്രദേശ് സർക്കാർ കൻവാർ യാത്ര റദ്ദാക്കിയിരുന്നുവെന്നും കേരളത്തിന്‍റെ തീരുമാനം ആരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
കേരള സർക്കാരിന്‍റെ തീരുമാനം രാജ്യത്തിന്‍റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തോടുള്ള വെല്ലുവിളിയാണെന്നും ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയന്ത്രണങ്ങളോടെ കൻവാർ യാത്ര നടത്താനാണ് ഉത്തർ പ്രദേശ് സർക്കാർ തീരുമാനിച്ചതെന്നും എന്നാൽ വിഷയത്തിൽ സുപ്രീം കോടതി ഇടപെടുകയും തുടർന്ന് കൻവാർ യാത്ര റദ്ദാക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ തീരുമാനത്തിൽ കോടതി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും വിഎച്ച്പി നേതാവ് പ്രതികരിച്ചു.
കേരളം കൊവിഡ് കിടക്കയിൽ; മനു അഭിഷേക് സിങ്‌വി
കേരള സർക്കാരിന്‍റെ തീരുമാനത്തിനെതിരെ കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വിയും രംഗത്തെത്തിയിരുന്നു. കേരള സർക്കാരിന്‍റെ നടപടി തീർത്തും ദൗർഭാഗ്യകരമായിപ്പോയെന്നും കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്നുമായിരുന്നു മനു അഭിഷേക് സിങ്‌വിയുടെ ട്വീറ്റ്.