ന്യൂഡല്‍ഹി :എക്സൈസ് അഴിമതി കേസില്‍, മദ്യവ്യവസായി സമീർ മഹാന്ദ്രുവിനെ പ്രതികളിലൊരാളായി ഉൾപ്പെടുത്തി ഇഡി കുറ്റപത്രം. മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി തങ്ങളുടെ ആദ്യ കുറ്റപത്രമാണ് ഡൽഹി കോടതിയിൽ ഇന്ന് സമര്‍പ്പിച്ചത്. മഹാന്ദ്രുവിനുപുറമെ മറ്റ് രണ്ട് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികളുടെ മൊഴികളും അനുബന്ധ രേഖകളും ഉള്‍പ്പെടുത്തിയ മൂവായിരത്തോളം പേജുകള്‍ അടങ്ങിയതാണ് കുറ്റപത്രം. അതേസമയം, കുറ്റപത്രത്തില്‍ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് ഇല്ല. പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെട്ട കേസില്‍ ഇഡിയും സിബിഐയും സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിസോദിയയുടെ പേരില്ല. ഈ സാഹചര്യത്തില്‍ മോദി മാപ്പ് പറയണമെന്ന് കെജ്‌രിവാള്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
'കള്ളക്കേസില്‍ പെടുത്തിയാല്‍ രാജ്യമെങ്ങനെ പുരോഗമിക്കും':'ഇഡിയുടെ കുറ്റപത്രത്തിൽ പോലും മനീഷ് ജിയുടെ പേരില്ല. വിദ്യാഭ്യാസ വിപ്ലവത്തിലൂടെ ഇന്ത്യയ്‌ക്ക് ലോകശ്രദ്ധ നേടിക്കൊടുത്ത മനീഷ് ജിയെ കള്ളക്കേസിൽ കുടുക്കിയതിന് മോദി ജി രാജ്യത്തോട് മാപ്പ് പറയേണ്ടതല്ലേ? നല്ല പ്രവര്‍ത്തി ചെയ്യുന്നവരെ ജയിലിലടച്ചാല്‍ രാജ്യമെങ്ങനെ പുരോഗതി പ്രാപിക്കും' - ഡൽഹി മുഖ്യമന്ത്രി ട്വീറ്റിൽ കുറിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണറുടെ ശുപാർശ പ്രകാരം സിബിഐ രജിസ്റ്റർ ചെയ്‌ത കേസിൽ ഇതുവരെ 169 റെയ്ഡുകളാണ് നടത്തിയത്. ഈ കേസിൽ ഇതുവരെ അഞ്ച് പേരെയാണ് ഇഡി അറസ്റ്റ് ചെയ്‌തത്. സെപ്‌റ്റംബർ 27ന് ചോദ്യം ചെയ്‌തശേഷം ശേഷം എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് മഹാന്ദ്രുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിബിഐയും അടുത്തിടെ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു.