ന്യൂഡല്‍ഹി : ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍, കോടികളുടെ അഴിമതി നടത്തിയതിന്‍റെ തെളിവുകള്‍ കണ്ടെത്തിയതായി ഇഡി. കണക്കില്‍പ്പെടാത്ത ഒരു കോടി രൂപയും 600 കോടിയുടെ അഴിമതി നടത്തിയതിന്‍റെ തെളിവുകളുമാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടെത്തിയത്. 250 കോടി രൂപയുടെ ഇടപാട് നടന്നതായും 350 കോടി വിലമതിക്കുന്ന സ്വത്തിന്‍റെ രേഖകള്‍ ലഭിച്ചതായും ഇഡി അറിയിച്ചു.
ലാലു പ്രസാദ് യാദവിന്‍റെ കുടുംബവും കൂട്ടാളികളും റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പടെയുള്ള മേഖലകളില്‍ നിക്ഷേപം നടത്തിയതിന്‍റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. ലാലു പ്രസാദ് യാദവിന്‍റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്‍റെ ഡല്‍ഹിയിലുള്ള വീട്ടില്‍ വെള്ളിയാഴ്‌ച ഇഡി റെയ്‌ഡ് നടത്തിയിരുന്നു. കൂടാതെ കുടുംബവുമായി ബന്ധമുള്ള മറ്റ് ഇടങ്ങളിലും ഇഡി പരിശോധന നടത്തി.
കോടികളുടെ അഴിമതി:കണക്കിൽപ്പെടാത്ത ഒരു കോടി രൂപ, 1900 യുഎസ് ഡോളർ ഉൾപ്പടെയുള്ള വിദേശ കറൻസി, 540 ഗ്രാം സ്വർണക്കട്ടി, 1.5 കിലോയിലധികം സ്വർണാഭരണങ്ങൾ (ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്നത്), വിവിധ സ്വത്ത് - വിൽപ്പന രേഖകൾ ഉൾപ്പടെ റെയ്‌ഡില്‍ ഇഡി കണ്ടെത്തി. ബിനാമികളുടെ പേരില്‍ വാങ്ങിയ ഭൂമിയുടെ രേഖകളാണ് കണ്ടെത്തിയവയില്‍ ഏറെയും. 350 കോടിയുടെ സ്വത്താണ് ലാലു പ്രസാദ് യാദവിന്‍റെ കുടുംബം അനധികൃതമായി സമ്പാദിച്ചത്. ഇതിന് പുറമെ 250 കോടിയുടെ മറ്റ് ഇടപാടുകളും നടന്നിട്ടുണ്ട്.
ഉദ്യോഗാര്‍ഥികളുടെ കൈയില്‍ നിന്ന് കോഴയായി വാങ്ങിയ ഭൂമിയില്‍ നാലെണ്ണം കോടികള്‍ക്ക് വിറ്റ് ലാലു പ്രസാദ് യാദവിന്‍റെ കുടുംബം വന്‍ നേട്ടമുണ്ടാക്കിയതായി ഇഡി പറയുന്നു. കൂടാതെ ഡല്‍ഹി ന്യൂ ഫ്രണ്ട്സ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന നാല് നില ബംഗ്ലാവ് (തേജസ്വി പ്രസാദ് യാദവിന്‍റെ ഉടമസ്ഥതയില്‍ M/s A B Exports Private Limited എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനി) നാല് ലക്ഷം രൂപയ്‌ക്ക് ഏറ്റെടുത്തതാണെന്നും നിലവില്‍ അതിന്‍റെ വിപണി മൂല്യം ഏകദേശം 150 കോടി രൂപയാണെന്നും ഇഡി വിശദീകരിച്ചു.
പ്രസ്‌തുത ബംഗ്ലാവ് വാങ്ങുന്നതിനായി അനധികൃതമായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. തേജസ്വിയുടെ കമ്പനി ഓഫിസായി രേഖകളില്‍ കാണിച്ചിരിക്കുന്ന ബംഗ്ലാവ് അദ്ദേഹം താമസത്തിനായാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇതിന് പുറമെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളുമായി യാദവ് കുടുംബം രത്‌നങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയുടെ ഇടപാട് നടത്തിയാതും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഭൂമി കോഴയായി വാങ്ങി റെയില്‍വേ ജോലി:ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് അഴിമതിയുടെ ആരംഭം. റെയില്‍വേ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങി എന്നാണ് സിബിഐ കേസ്. 2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലാണ് കുംഭകോണം നടന്നത്. ഈ അഴിമതിയിലൂടെ ലാലു പ്രസാദ് യദവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനികള്‍ ബിഹാറിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെ ആരോപണം. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് ഏഴിന് ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്‌തിരുന്നു.
എന്നാല്‍ പല റെയിൽവേ സോണുകളിലും റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ 50 ശതമാനത്തിലധികം പേർ യാദവ് കുടുംബങ്ങളുടെ മണ്ഡലങ്ങളിൽ നിന്നുള്ളവരാണെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അതേസമയം ലാലു പ്രസാദ് യാദവിനും കുടുംബത്തിനും എതിരെയുള്ള രാഷ്‌ട്രീയ പകപോക്കലാണ് ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്നതെന്ന് ആര്‍ജെഡി നേതാക്കള്‍ ആരോപിച്ചിരുന്നു. ലാലുവിനും കുടുംബത്തിനും എതിരെയുള്ള കേസ് വ്യാജമാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ ഉന്നയിക്കുന്ന വാദം.