ന്യൂഡല്‍ഹി:കൃത്യമായ ഇടവേളകളില്‍ നേപ്പാളിലുണ്ടായ നാല് ഭൂചലനങ്ങളില്‍ വിറച്ച് ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഇന്ന് ഉച്ചയ്ക്ക് രണ്ട് .25നാണ് നേപ്പാളില്‍ ആദ്യ ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം നേപ്പാൾ ആണെന്ന് ദേശീയ ഭൂചലന പഠന കേന്ദ്രം അറിയിച്ചു.
അതിനു ശേഷം 2.51നാണ് ഡല്‍ഹി അടക്കം അഞ്ച് സംസ്ഥാനങ്ങളെ വിറപ്പിച്ച ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ആളുകൾ വീടുകളും ഓഫീസുകളും വിട്ട് പുറത്തേക്കോടി. ആളുകൾ പരിഭ്രാന്തരാകരുതെന്ന് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഡല്‍ഹി-എൻസിആർ മേഖലയില്‍ വലിയ ആശങ്കയും ഭീതിയുമാണ് ഭൂചലനം സൃഷ്‌ടിച്ചത്.