ന്യൂഡൽഹി : ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്‌ടർ സ്‌കെയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 15 സെക്കന്‍ഡ് നീണ്ടുനിന്നു. ഇന്ന് (24.01.2023) ഉച്ചകഴിഞ്ഞ് 2.28 നാണ് ഭൂചലനം ഉണ്ടായത്. ഉത്തരാഖണ്ഡിലെ പിത്തോരാഗഡിൽ നിന്ന് 148 കിലോമീറ്റർ കിഴക്ക് നേപ്പാളിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഡൽഹിയെ നടുക്കി ഭൂചലനം : അനുഭവപ്പെട്ടത് 15 സെക്കന്‍ഡ്, പ്രഭവകേന്ദ്രം നേപ്പാൾ - malayalam news
ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടെങ്കിലും നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല
ഡൽഹിയും ജയ്‌പൂരും ഉൾപ്പടെ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഭൂചലനം ഉണ്ടായ സമയത്ത് ഫർണിച്ചറുകൾ കുലുങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പലരും ട്വീറ്റ് ചെയ്‌തിരുന്നു. ഭൂചലനം അനുഭവപ്പെട്ട സമയത്ത് ഉത്തരാഖണ്ഡിന്‍റെ ഡെറാഡൂൺ, ഉത്തരകാശി, പിത്തോരാഗഡ് തുടങ്ങി പലയിടത്തും ആളുകൾ വീടുകളും ഓഫിസുകളും വിട്ട് പുറത്തിറങ്ങിയതായി പലരും സമൂഹമാധ്യത്തിലൂടെ പങ്കുവച്ചു.
ഭൂചലനത്തിൽ നേപ്പാളിൽ ചില വീടുകൾ തകർന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ത്യയിൽ നാശനഷ്‌ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. 2,400 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഹിമാലയൻ കൊളീഷൻ മേഖലയിലാണ് ഇന്ന് ഭൂചലനം സംഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ഇവിടെ ഉണ്ടായ നാലാമത്തെ ഭൂചലനമാണിത്.