ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും മധ്യപ്രദേശിലും ഭൂചലനം. ആന്ധ്രാപ്രദേശിലെ എന്‍ടിആര്‍ ജില്ലയിലെ നന്ദിഗമയിലും മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയുടെ 150 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറ് ധാര്‍ ജില്ലയിലുമാണ് ഭൂചലനമുണ്ടായത്. രണ്ടിടത്തും നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ആന്ധ്രാപ്രദേശിലും മധ്യപ്രദേശിലും ഭൂചലനം; വീടുവിട്ട് ഓടി ജനം, ആളപായമോ നാശനഷ്‌ടങ്ങളോ ഇല്ല
ആന്ധ്രാപ്രദേശിലെ നന്ദിഗമയിലും മധ്യപ്രദേശിലെ ധാര്‍ ജില്ലയിലും ഭൂചലനം, ഒരിടത്തും നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ആന്ധ്രാപ്രദേശിലെ എന്‍ടിആര്‍ ജില്ലയിലെ നന്ദിഗമയില്‍ ഇന്ന് പകല്‍ 7.13 നാണ് ഭൂചലനമുണ്ടായത്. 3.4 സെക്കന്‍റ് മാത്രം നീണ്ടുനിന്ന ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ പ്രദേശവാസികള്‍ വീടുകള്‍ വിട്ട് തെരുവുകളിലേക്ക് ഓടി. ഏതാനും സെക്കന്‍റുകള്‍ മാത്രമാണ് ഭൂചലനമുണ്ടായതെന്നും ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടിയെന്നും നന്ദിഗമ നിവാസിയായ നരസിംഹ റാവു പറഞ്ഞതായി എന്‍എന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. തുർക്കിയിലും സിറിയയിലും സമീപകാലത്തുണ്ടായ വിനാശകരമായ ഭൂകമ്പങ്ങളെത്തുടര്‍ന്ന് ഇന്ത്യയിലും ഭൂകമ്പങ്ങളുണ്ടാകാമെന്നുള്ള ശാസ്‌ത്രജ്ഞരുടെ പ്രവചനങ്ങളാണ് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയതെന്ന് നരസിംഹ റാവു പറഞ്ഞു. താന്‍ വീട്ടില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ ഷെല്‍ഫിലെ പാത്രങ്ങളും ബൗളുകളും മറ്റും ചലിക്കുന്നതായി തോന്നിയെന്നും ഇതോടെ താന്‍ വീടുവിട്ട് ഇറങ്ങിയോടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് മധ്യപ്രദേശിലെ ധാറില്‍ ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കൈലില്‍ 3.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ ആളപായങ്ങളോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഏജന്‍സികള്‍ വ്യക്തമാക്കി.