ജയ്‌പൂര്‍:എയര്‍ ഇന്ത്യ (Air India) പൈലറ്റിന്‍റെ പിടിവാശിയില്‍ 350ല്‍ അധികം യാത്രക്കാര്‍ വലഞ്ഞത് മണിക്കൂറുകള്‍. ജയ്‌പൂര്‍ (Jaipur) വിമാനത്താവളത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ലണ്ടനില്‍ (London) നിന്നും ഡല്‍ഹിയിലേക്ക് (Delhi) പറന്ന എയര്‍ ഇന്ത്യ A-112 മോശം കാലാവസ്ഥയെ തുടര്‍ന്ന് ജയ്‌പൂരില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു.
എന്നാല്‍, പിന്നീട് ഇവിടെ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പറത്താന്‍ അനുമതി ലഭിച്ചിട്ടും അതിന് പൈലറ്റ് വിസമ്മതിക്കുകയായിരുന്നു. ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിമിതിയും തന്‍റെ ഡ്യൂട്ടി സമയവും ചൂണ്ടിക്കാട്ടി ആയിരുന്നു വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയത്. ഇതോടെ മൂന്ന് മണിക്കൂറോളം നേരം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു. തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി ആയിരുന്നു ഇവര്‍ ജയ്‌പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയത്.
ഇന്നലെയാണ് (ജൂണ്‍ 25) സംഭവം. ലണ്ടനില്‍ നിന്നും ഡല്‍ഹിയില്‍ പുലര്‍ച്ചെ നാല് മണിക്കാണ് വിമാനം എത്തേണ്ടിയിരുന്നത്. എന്നാല്‍, കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം ജയ്‌പൂരിലേക്ക് തിരിച്ചുവിട്ടു.
തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATC) വിമാനത്തിന് ഡല്‍ഹിയിലേക്ക് പറക്കാമെന്ന അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് ഡ്യൂട്ടി സമയം ചൂണ്ടിക്കാട്ടി വിമാനം വീണ്ടും പറത്താന്‍ സാധിക്കില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയത്.
പിന്നാലെ, ജയ്‌പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരോട് ഡല്‍ഹിയിലേക്ക് എത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് പോയി.