മുംബൈ: ഒക്‌ടോബര്‍ 20 മുതല്‍ നവംബര്‍ അഞ്ച് വരെ നീണ്ടുനിന്ന ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്, ഷിർദി സായി ബാബ ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ സംഭാവനയായി സമര്‍പ്പിച്ചത് 17 കോടിയിലേറെ രൂപ. 17,77,53,000 രൂപയാണ് സംഭാവനയായി ലഭിച്ചതെന്ന് സന്‍സ്ഥാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഭാഗ്യശ്രീ ബനായത്ത് അറിയിച്ചു. ഒരു വര്‍ഷത്തില്‍ ഏകദേശം രണ്ടര കോടിയിലധികം ഭക്തരാണ് സായി ദര്‍ബാരിയില്‍ ദർശനത്തിനായി എത്തുന്നത്.
ദീപാവലി തീർഥാടനം: ഷിർദി സായിക്ക് ഭക്തർ നല്‍കിയത് 17 കോടിയിലധികം - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്, സായി ദര്‍ബാരിയില്‍ ദർശനത്തിനായി എത്തിയ ഭക്തര്‍ 17 കോടിയിലേറെ രൂപ സംഭാവനയായി നല്‍കിയതായി അധികൃതര്‍.
എല്ലാ വര്‍ഷവും ദീപാവലിയിലും മറ്റ് അവധി ദിവസങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെങ്കിലും ഈ വര്‍ഷം ഭക്ത ജനങ്ങളുടെ റെക്കോഡ് തിരക്കാണ് രേഖപ്പെടുത്തിയത്. 3,11,79,000 രൂപയാണ് നേര്‍ച്ചപ്പെട്ടിയില്‍ നിന്നും ലഭിച്ചത്. സംഭാവന കൗണ്ടറില്‍ നിന്നും 7,54,45,000 രൂപ ലഭിച്ചു. ഓണ്‍ലൈനായി ലഭിച്ച സംഭാവന 1,45,42,000 രൂപയാണ്.
3,03,55,000 രൂപയാണ് ചെക്ക്, ഡിഡി വഴി ലഭിച്ചത്. ഡെബിറ്റ് കാര്‍ഡ് വഴി 1,84,22,000 രൂപയും മണി ഓർഡർ വഴി ഏഴ് ലക്ഷം രൂപയും ലഭിച്ചു. 39,53,000 രൂപ വിലമതിക്കുന്ന 860.450 ഗ്രാം സ്വര്‍ണം, 5,45,000 രൂപ വിലമതിക്കുന്ന 13345. 970 ഗ്രാം വെള്ളി, 24,80,000 രൂപയുടെ 29 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ കറന്‍സി എന്നിങ്ങനെയാണ് സംഭാവനകള്‍ ലഭിച്ചതെന്ന് ഭാഗ്യശ്രീ ബനായത്ത് വ്യക്തമാക്കി.