ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) ഏറ്റവും പുതിയ റിലീസായ 'ഡങ്കി' (Dunki) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നും 70 കോടിയിലധികം രൂപയാണ് 'ഡങ്കി' സ്വന്തമാക്കിയത്.
എന്നാല്‍ ഷാരൂഖിന്‍റെ ഈ വർഷത്തെ രണ്ട് ബ്ലോക്ക്‌ബസ്‌റ്ററുകളായ 'പഠാൻ', 'ജവാൻ' എന്നി ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 'ഡങ്കി' ബോക്‌സ് ഓഫീസ് പരാജയമാണ്. റിപ്പോർട്ടുകള്‍ പ്രകാരം ആദ്യ ദിനം 29.2 കോടിയും രണ്ടാം ദിനം 20.12 കോടി രൂപയുമാണ് 'ഡങ്കി' ഇന്ത്യയില്‍ നിന്നും നേടിയത്. മൂന്നാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും 26 കോടി രൂപയാണ് ചിത്രം കലക്‌ട് ചെയ്‌തത്. ഇതോടെ 'ഡങ്കി' ആകെ നേടിയത് 75.32 കോടി രൂപയാണ് (Dunki Box Office Collection).
അതേസമയം രാജ്‌കുമാർ ഹിറാനിയും (Rajkumar Hirani) ഷാരൂഖ് ഖാനും ഒന്നിച്ചുള്ള ആദ്യ പ്രോജക്‌ട് കൂടിയാണ് 'ഡങ്കി'. കിംഗ് ഖാനെ കൂടാതെ തപ്‌സി പന്നു (Taapsee Pannu), വിക്കി കൗശൽ (Vicky Kaushal), ബൊമൻ ഇറാനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Also Read:ഡങ്കിയില്‍ ചില തിരുത്തുകള്‍, സെന്‍സറിങ് പൂര്‍ത്തിയാക്കി ഷാരൂഖ് ഖാന്‍ ചിത്രം
വിദേശ രാജ്യങ്ങളിൽ എത്താനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന നാല് സുഹൃത്തുക്കളുടെ ഹൃദയസ്‌പര്‍ശിയായ കഥയാണ് ചിത്രം പറഞ്ഞത്. തങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള അവരുടെ വെല്ലുവിളി നിറഞ്ഞതും എന്നാൽ പരിവർത്തനപരവുമായ യാത്രയാണ് ചിത്രം ദൃശ്യവത്‌ക്കരിച്ചിരിക്കുന്നത്.
യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും വൈവിധ്യമാർന്ന വിവരണങ്ങൾ ഒരുമിച്ച് നെയ്തെടുത്തു. നിരവധി ഹാസ്യവും ഹൃദ്യവുമായ നിമിഷങ്ങളും ചിത്രം സമ്മാനിച്ചു.
രാജ്‌കുമാർ ഹിറാനി, അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഡങ്കി ഫ്ലൈറ്റ്' എന്ന കൗതുകകരവും സവിശേഷവുമായ ഒരു ആശയവും 'ഡങ്കി'യിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പര്യവേഷണം ചെയ്‌തു. അമേരിക്ക, യുണൈറ്റഡ് കിങ്‌ഡം, കാനഡ തുടങ്ങി രാജ്യങ്ങളിലേക്ക് പിൻവാതിലൂടെ പ്രവേശിക്കുന്ന, നിയമ വിരുദ്ധമായ രീതിയെയാണ് 'ഡങ്കി ഫ്ലൈറ്റ്' എന്ന് പറയുന്നത്.
നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ചുള്ള ഈ കോമഡി ഡ്രാമ ഏറെ നിരൂപകശ്രദ്ധ നേടിയെങ്കിലും ഷാരൂഖ് ഖാന്‍ ആരാധകരെ നിരാശരാക്കി. ഷാരൂഖിന്‍റെ അവസാന രണ്ട് റിലീസുകളെ പോലെ 'ഡങ്കി'യ്‌ക്ക് ബോക്‌സ് ഓഫീസില്‍ തിളങ്ങാനായില്ല.
'ഡങ്കി'യ്‌ക്ക് ബോക്‌സ് ഓഫീസിൽ മാന്യമായ തുടക്കമായിരുന്നുവെങ്കിലും, തൊട്ടടുത്ത ദിവസം മുതല്‍ പ്രഭാസിന്‍റെ 'സലാറു'മായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടേണ്ടി വന്നിരുന്നു. 'സലാര്‍' റിലീസ് 'ഡങ്കി'യുടെ കലക്ഷനെ സാരമായി ബാധിക്കുകയും ചെയ്‌തു.
ആദ്യ ദിനം ഇന്ത്യയില്‍ നിന്നും എല്ലാ ഭാഷകളിലുമായി 95 കോടി രൂപ നേടിയ 'സലാര്‍' അതിന്‍റെ ഹിന്ദി പതിപ്പിന് മാത്രം ലഭിച്ചത് 15.50 കോടി രൂപയാണ്. വരും ദിവസങ്ങളിൽ ഇരു ചിത്രങ്ങളുടെയും ബോക്‌സ് ഓഫീസ് പ്രകടനം അറിയാനുള്ള കാത്തിരിപ്പിലാണ് ഷാരൂഖ് ഖാന്‍ പ്രഭാസ് ആരാധകര്‍.
Also Read:ഷാരൂഖ് ഖാന്‍ തപ്‌സി പന്നു മരുഭൂമി പ്രണയം! ഓ മാഹി ട്രെന്‍ഡിംഗില്‍