ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) 'കിംഗ് ഓഫ് കൊത്ത' (King of Kotha) കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. വന്‍ വരവേല്‍പ്പോടെ തിയേറ്ററുകളില്‍ എത്തിയ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
'കിംഗ് ഓഫ് കൊത്ത'യ്‌ക്ക് വേണ്ടി ശബ്‌ദം നല്‍കിയതിനാണ് ദുല്‍ഖര്‍, മോഹന്‍ലാലിന് നന്ദി രേഖപ്പെടുത്തിയത്. മോഹന്‍ലാലിന്‍റെ നരേഷനോടു കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. 'കിംഗ് ഓഫ് കൊത്ത' തിയേറ്ററുകളില്‍ എത്തുന്നത് വരെ ഈ വിവരം അണിയറപ്രവര്‍ത്തകര്‍ സര്‍പ്രൈസായി വച്ചിരുന്നു. ചിത്രം കാണാന്‍ തിയേറ്ററുകളില്‍ എത്തിയവര്‍ക്ക് 'കിംഗ് ഓഫ് കൊത്ത'യിലെ മോഹന്‍ലാലിന്‍റെ സാന്നിധ്യം സര്‍പ്രൈസായി.
റിലീസിന് ശേഷം ഫേസ്‌ബുക്കില്‍ നന്ദി പോസ്‌റ്റിലൂടെയും ദുല്‍ഖര്‍ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചു. 'കിംഗ് ഓഫ് കൊത്തയിലെ ഗംഭീരമായ വോയിസ് ഓവറിനു നന്ദി ലാലേട്ടാ.' -എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. 'കിംഗ് ഓഫ് കൊത്ത'യുടെ പുതിയ പോസ്‌റ്ററില്‍ മോഹന്‍ലാലിന്‍റെ ചിത്രം ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു ചിത്രവും ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
Also Read:King of Kotha release കിംഗ് ഓഫ് കൊത്ത തിയേറ്ററുകളില്‍, പ്രീ ബുക്കിംഗില്‍ കെജിഎഫിനെ മറികടന്ന് 'രാജാവ്'
ഒരു വര്‍ഷത്തിന് ശേഷം ഒരു ദുല്‍ഖര്‍ ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ ആരാധകരുടെ ആവേശത്തിനും അതിരില്ലായിരുന്നു. റിലീസ് ദിനം ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ ആഘോഷ ലഹരിയിലായിരുന്നു. ഉത്സവ ലഹരിയിലായിരുന്നു കേരളത്തിലെ തിയേറ്റര്‍ പരിസരങ്ങൾ. ദുല്‍ഖര്‍ സല്‍മാന്‍റെ വലിയ കടലാസ് പ്രതിമകളും ചെണ്ട മേളവും കൊട്ടും പാട്ടും ഒക്കെയായി ആരാധകര്‍ തിയേറ്റര്‍ പരിസരങ്ങള്‍ കളറാക്കി.
'കിംഗ് ഓഫ് കൊത്ത'യുടെ ആദ്യ ദിനം ആദ്യ ഷോ കാണാൻ താരങ്ങളും തിയേറ്ററില്‍ എത്തി. സിനിമയിലെ നായിക ഐശ്വര്യ ലക്ഷ്‌മി, ഗോകുല്‍ സുരേഷ് എന്നിവര്‍ ആദ്യ ഷോ കാണാന്‍ എറണാകുളം കവിത തിയേറ്ററില്‍ എത്തിയിരുന്നു. ആദ്യ ഷോ കാണാന്‍ താരങ്ങള്‍ തിയേറ്ററില്‍ എത്തിയത് പ്രേക്ഷകര്‍ക്കും ആവേശമായി.
അതേസമയം ആദ്യ ഷോ കാണാന്‍ ദുൽഖർ സല്‍മാന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ താരത്തിന് എത്തിച്ചേരാൻ സാധിച്ചില്ല. പകരം ദുല്‍ഖറിന്‍റെ കുറവ് നികത്തി ഭാര്യ അമാല്‍ സൂഫിയ തിയേറ്ററില്‍ എത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അമാൽ 'കിംഗ് ഓഫ് കൊത്ത' കാണാന്‍ തിയേറ്ററില്‍ എത്തിയത്. നിരവധി ചലച്ചിത്ര പ്രവർത്തകരും ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കാണാന്‍ ആദ്യ ദിനം തന്നെ തിയേറ്ററിലെത്തിയിരുന്നു.
വേള്‍ഡ് വൈഡ് റിലീസായാണ് 'കിംഗ് ഓഫ് കൊത്ത' പുറത്തിറങ്ങിയത്. 50 രാജ്യങ്ങളിലായി 2,500 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്‌തു. കേരളത്തിൽ മാത്രം 500ല്‍ പരം സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. വേഫേറെർ ഫിലിംസും സീ സ്‌റ്റുഡിയോസും ചേര്‍ന്നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 'കിംഗ് ഓഫ് കൊത്ത' പ്രദര്‍ശനത്തിനെത്തിച്ചത്.
Also Read:KOK First show 'രാജാവ്' അവതരിച്ചു, 'കിംഗ് ഓഫ് കൊത്ത' ആദ്യ ദിനം ആവേശം: കാണാനെത്തി അമാലും ഐശ്വര്യയും ഗോകുല്‍ സുരേഷും