ഇന്നത്തെ കാലഘട്ടത്തിൽ യുവത്വം തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നത്. വിദ്യാർഥികള്‍ മയക്കുമരുന്നും, മോട്ടോര്‍ ബൈക്ക് മത്സരങ്ങളും, മദ്യവും, ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമൊക്കെയായി തങ്ങളുടെ ഭാവിയെ നശിപ്പിക്കുകയാണ്. തങ്ങളുടെ മക്കളിലെ ഇത്തരം പ്രവണതകള്‍ തിരിച്ചറിയേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. മാത്രമല്ല, അവരെ തിരുത്തി മുന്നോട്ട് കൊണ്ടു പോകാനും മാതാപിതാക്കള്‍ തയ്യാറാകണം. ചില മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ എന്താവശ്യപ്പെട്ടാലും വാങ്ങി കൊടുക്കും. ഈ അടുത്ത കാലത്ത് ഒരു ഫ്ലൈഓവറിന് മുകളില്‍ നിന്നും അമിത വേഗതത്തിൽ ഓടിയ കാര്‍ വീണ് രണ്ട് ടെക്കികള്‍ കൊല്ലപ്പെട്ടു. പൊലീസ് കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തി.
ചില കോളജ് വിദ്യാർഥികള്‍ നേരംപോക്കിന് വേണ്ടി ട്രാഫിക് സിഗ്നലുകള്‍ ഞൊടിയിടകൊണ്ട് തെറ്റിച്ച് കടന്ന് അപകടം ക്ഷണിച്ച് വരുത്തുന്നു. അത്തരം മത്സരയോട്ടങ്ങള്‍ നിരവധി ജീവനുകളാണ് അപഹരിച്ചിട്ടുള്ളത്. ഇത്തരം പ്രവണതകള്‍ സമ്പന്ന കുടുംബങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. മറിച്ച്, മധ്യവര്‍ഗ, താഴേക്കിടയിലുള്ള കുടുംബങ്ങളിലേക്കും ഇതെല്ലാം കടന്നു ചെല്ലുന്നു. 40 ശതമാനം കുറ്റകൃത്യങ്ങളും ചെയ്യുന്നത് 18നും 25നും ഇടയില്‍ പ്രായമുള്ളവരാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചു.
കുട്ടിക്കാലത്തെ സാഹചര്യങ്ങള്‍, മാതാപിതാക്കളുടെ സ്വാധീനം, കുടുംബ ബന്ധങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവയെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിക്കുന്നതായി മനശാസ്‌ത്രജ്ഞര്‍ പറയുന്നു. സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് അടിമകളായിട്ടുള്ളവര്‍ അനുദിനം വർധിക്കുകയാണ്. പുസ്‌തകങ്ങള്‍ വായിക്കുകയോ അല്ലെങ്കില്‍ വിനോദങ്ങളിൽ ഏര്‍പ്പെടുകയോ ചെയ്യുന്നതിന് പകരം ആളുകള്‍ മൊബൈൽ ഫോണുകൾക്ക് അടിമകളാകുകയാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റ രീതികള്‍ തിരിച്ചറിഞ്ഞ് അവരെ ശരിയായ പാതയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും അവര്‍ നല്ല പൗരന്മാരായി മാറും.