ഹൈദരാബാദ്: ഹൈദരാബാദ് രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 78 കോടി രൂപ വിലവരുന്ന 12 കിലോ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 5, 6 തീയതികളിൽ ഉഗാണ്ട, സാംബിയ എന്നിവിടങ്ങളിൽ നിന്നുള്ള വനിത യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെടുത്തത്.
ഹൈദരാബാദ് വിമാനത്താവളത്തിൽ 78 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
ഉഗാണ്ട, സാംബിയ എന്നിവിടങ്ങളിൽ നിന്നുള്ള വനിത യാത്രക്കാരിൽ നിന്ന് 5, 6 തീയതികളിലാണ് 78 കോടി രൂപ വിലവരുന്ന 12 കിലോ ഹെറോയിൻ പിടികൂടിയത്.
ALSO READ:'ദി ഫാമിലിമാന്‍ സീസണ്‍ 2' രാജിയുടെ പേരില്‍ അറിയപ്പെടാനാണ് തനിക്ക് ഇഷ്ടമെന്ന് മനോജ് ബാജ്‌പേയ്
അഞ്ചാം തീയതി കാണാതായ ബാഗേജ് ശേഖരിക്കാൻ വിമാനത്താവളത്തിൽ എത്തിയ ഉഗാണ്ടൻ യാത്രക്കാരിയെ ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇവരുടെ ബാഗേജിൽ നടത്തിയ പരിശോധനയിൽ ബാഗിന്‍റെ ഇരുവശങ്ങളിലുമായി ഒളിപ്പിച്ച നിലയിൽ ഹെറോയിൻ കണ്ടെത്തുകയായിരുന്നു. ജൂൺ 6 ന് സാംബിയയിൽ നിന്ന് ജോഹന്നാസ്ബർഗ്, ദോഹ വഴി ഹൈദരാബാദിൽ എത്തിച്ചേർന്ന സാംബിയൻ യാത്രക്കാരിയുടെ ബാഗിനുള്ളിൽ പൈപ്പ് റോളുകളിൽ ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കണ്ടെടുത്തത്. ഇരുവർക്കെതിരെയും എൻഡിപിഎസ് ആക്റ്റ് 1985 ലെ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.