ചണ്ഡീഗഡ്:സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കാൻ ഹരിയാന സര്‍ക്കാര്‍. ആശുപത്രി ജീവനക്കാരുടെ മേക്കപ്പ്, വിചിത്രമായ ഹെയര്‍ സ്റ്റൈലുകള്‍, നീട്ടിവളര്‍ത്തിയ നഖം, ആഭരണങ്ങള്‍ എന്നിവ അനുവദിക്കാനാകില്ല എന്നും ഇത്തരം കാര്യങ്ങള്‍ രോഗിയെ പരിചരിക്കുന്നതില്‍ തടസം ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കിടയിൽ അച്ചടക്കവും ഏകത്വവും സമത്വവും നിലനിർത്തുക എന്നതാണ് ഡ്രസ് കോഡ് നയത്തിന്‍റെ ലക്ഷ്യമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു.
ആശുപത്രിയില്‍ കൃത്യമായ ഡ്രസ് കോഡ് പിന്തുടരുന്നതിലൂടെ ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ ഇമേജ് നല്‍കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ സ്ഥാപനത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ക്ലിനിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, സെക്യൂരിറ്റി ജീവനക്കാര്‍, കാന്‍റീന്‍ ജീവനക്കാര്‍, സാങ്കേതിക സഹായികള്‍ തുടങ്ങി മുഴുവന്‍ ആശുപത്രി ജീവനക്കാരും ജോലി സമയത്ത് ശരിയായ യൂണിഫോമില്‍ ആയിരിക്കണമെന്നും അനില്‍ വിജ് നിര്‍ദേശിച്ചു. നഴ്‌സുമാര്‍ ഒഴികെയുള്ള ജീവനക്കാര്‍ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റും നെയിം ടാഗും ധരിക്കണമെന്നാണ് നിര്‍ദേശം.
വിചിത്രമായ ഹെയര്‍ സ്റ്റൈലുകളും ഹെയര്‍ കട്ടുകളും അനുവദിക്കില്ല: പുരുഷ ജീവനക്കാരുടെ തലമുടി കോളറിന് മുകളില്‍ വരുന്ന വിധം വെട്ടി നിര്‍ത്തണം. രോഗിയുടെ പരിചരണത്തിന് നീണ്ട മുടി തടസമാകുമെന്ന് മന്ത്രി പറഞ്ഞു. 'വിചിത്രമായ ഹെയർസ്റ്റൈലുകളും ഹെയർകട്ടുകളും അനുവദനീയമല്ല. നഖങ്ങൾ വൃത്തിയുള്ളതും നന്നായി വെട്ടിയതും ആയിരിക്കണം. ഏതെങ്കിലും നിറത്തിലുള്ള ജീൻസ്, ഡെനിം സ്‌കേർട്ട്, ഡെനിം വസ്‌ത്രങ്ങൾ എന്നിവ പ്രൊഫഷണൽ വസ്‌ത്രങ്ങളായി കണക്കാക്കുന്നില്ലെന്നും അതിനാൽ ആശുപത്രികളില്‍ അവ അനുവദിക്കില്ല' അനില്‍ വിജ് പറഞ്ഞു.