ചന്ദീപുർ (ഒഡിഷ) : ആറാം തവണയും ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ (QRSAM) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡിഷയിലെ ചന്ദീപുർ ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ നിന്നായിരുന്നു പരീക്ഷണം. കരസേനയ്ക്ക് വേണ്ടിയാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ മിസൈലുകൾ പരീക്ഷിച്ചത്.
ട്രക്കിൽ ഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ലോഞ്ച് പാഡിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഏത് കാലാവസ്ഥയിലും ഏത് പ്രതലത്തിലും പ്രയോഗിക്കാവുന്നവയാണ് ഇത്തരം മിസൈലുകൾ. യുദ്ധവിമാനങ്ങളുടെ റഡാറുകളാൽ പിടിച്ചെടുക്കാൻ സാധിക്കാത്ത മിസൈൽ കൂടിയാണിത്.
2017 ജൂൺ നാലിന് മിസൈലിന്‍റെ ആദ്യ പരീക്ഷണവും 2019 ഫെബ്രുവരി 26ന് രണ്ടാം ഘട്ട പരീക്ഷണവും നടന്നിരുന്നു. 20-30 കിലോമീറ്റർ വരെ പ്രഹര ശേഷിയുള്ള മിസൈലാണ് ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ. വിവിധ സാഹചര്യങ്ങളിൽ ആയുധങ്ങളുടെ കഴിവ് വിലയിരുത്തുന്നതിനായാണ് പരീക്ഷണങ്ങൾ നടത്തിയത്.
ഇതിനായി അതിവേഗ വ്യോമ ലക്ഷ്യങ്ങൾക്കെതിരെയാണ് ഫ്ലൈറ്റ് ടെസ്‌റ്റുകൾ നടത്തിയത്. ഐടിആർ (Integrated Test Range) വിന്യസിച്ചിട്ടുള്ള ടെലിമെട്രി, റഡാർ, ഇലക്‌ട്രോ-ഒപ്റ്റിക്കൽ ട്രാക്കിങ് സിസ്‌റ്റം തുടങ്ങിയ നിരവധി റേഞ്ച് ഉപകരണങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റയുടെ അടിസ്‌ഥാനത്തിലാണ് സിസ്‌റ്റത്തിന്‍റെ പ്രകടനം വിലയിരുത്തിയത്.