ബാലസോര്‍ (ഒഡിഷ): ചാരവൃത്തി ആരോപണത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിയില്‍. ബാലസോർ ജില്ലയിലെ ചണ്ഡിപൂരിലുള്ള ഡിആര്‍ഡിഒയുടെ ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചിലെ സാങ്കേതിക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പിടിയിലായതെന്ന് ഈസ്‌റ്റേൺ റേഞ്ച് ഐജി ഹിമാൻസു ലാൽ അറിയിച്ചു. ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചില്‍ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ലഭിക്കാന്‍ നഗ്നചിത്രങ്ങളും വീഡിയോകളും അയച്ച് പാകിസ്ഥാനി യുവതി ഇയാളെ ഹണിട്രാപ്പില്‍ കുരുക്കുകയായിരുന്നുവെന്ന് ഐജി ഹിമാൻസു ലാൽ മാധ്യമങ്ങളെ അറിയിച്ചു.
സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: പ്രതിക്ക് വര്‍ഷങ്ങളായി പാകിസ്ഥാനി യുവതിയുമായി ബന്ധമുണ്ടായിരുന്നു. അയച്ചുകിട്ടിയ അശ്ലീല ഫോട്ടോകൾക്കും വീഡിയോകൾക്കും പകരമായി അറസ്‌റ്റിലായ ഉദ്യോഗസ്ഥന്‍ പ്രതിരോധ മന്ത്രാലയത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ വനിത ഏജന്‍റുമായി പങ്കിടുകയായിരുന്നു. പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നാണ് ഹണി ട്രാപ്പിങ് ഓപ്പറേഷൻ നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഇന്ത്യൻ എഞ്ചിനീയർമാരില്‍ നിന്നും മുതിർന്ന ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി യുവതികളെ ഉപയോഗിച്ച് ഇത്തരം ഹണി ട്രാപ്പിങ് ഓപറേഷനുകള്‍ നടക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.