ന്യൂഡല്‍ഹി : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്‌തു. പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍.വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്ത് രാഷ്‌ട്രപതി പദത്തിലെത്തുന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തിയും, രണ്ടാമത്തെ വനിതയുമാണ് ദ്രൗപതി മുര്‍മു.
തുടർച്ചയായി ജൂലൈ 25ന് ചുമതലയേൽക്കുന്ന 10-ാമത്തെ രാഷ്‌ട്രപതിയുമാണ് അവര്‍. 1977 മുതൽ രാജ്യത്തെ രാഷ്‌ട്രപതിമാർ ജൂലൈ 25നാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് രാഷ്‌ട്രപതി ആദ്യ പ്രസംഗത്തില്‍ വ്യക്തമാക്കി.
അധികാരമൊഴിഞ്ഞ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനൊപ്പമാണ് മുര്‍മു സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ ഹാളിലേക്ക് എത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും, ഉപരാഷ്‌ട്രപതിയും ലോക്‌സഭ സ്‌പീക്കറും ചേർന്നാണ് ഇരുവരെയും സ്വീകരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി മുർമു രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സ്‌മാരകം സന്ദർശിച്ച് പുഷ്‌പാഞ്ജലി അര്‍പ്പിച്ചിരുന്നു.